KeralaLatest NewsNews

ഭിന്നശേഷിക്കാർക്കായി 100 കോടി രൂപയുടെ മഹത്തായ പദ്ധതിയുമായി ഗോപിനാഥ് മുതുകാട്

കാസർകോട് :ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി ലോകോത്തര മാതൃകയായി ഉയർന്നു വരുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ് (ഐ.ഐ.പി.ഡി) കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വലിയ പ്രസ്ഥാനമാണെന്ന് പ്രശസ്ത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിന്റെ (ഡി.എ.സി) നേതൃത്വത്തിൽ കാസർകോട്ടിൽ നിർമാണം ആരംഭിച്ച ഐ.ഐ.പി.ഡിയുടെ ഉദ്ഘാടനചടങ്ങിൽ സാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ സാംസ്കാരികവും മാനുഷികവുമായ പുരോഗതിക്ക് ഐ.ഐ.പി.ഡിയുടെ വിജയം നിർണായകമാണെന്നും, പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ഡി.എ.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന്റെ ദൃഢനിശ്ചയം അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമലേ വിവേകികൾ’ എന്ന കുമാരനാശാന്റെ വാക്കുകൾ തന്റെ ജീവിതത്തിലൂടെ പ്രാവർത്തികമാക്കുന്ന വ്യക്തിയാണ് മുതുകാട്. അദ്ദേഹം ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാകാതെ നിന്നിട്ടില്ല. തൻറെ കാലം കഴിയുന്നതിന് മുമ്പ് തന്നെ ഈ ബൃഹത് പദ്ധതി വിജയകരമായി പൂർത്തിയാകുമെന്ന് വിശ്വസിക്കുന്നു” – അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ചടങ്ങുകൾ അന്തരിച്ച പ്രൊഫ. എം.കെ. ലൂക്കയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ചു. നിർമാണപ്രവർത്തനങ്ങൾ ഊരാളുങ്കൽ സൊസൈറ്റിയാണ് കൈകാര്യം ചെയ്യുന്നത്. എഗ്രിമെന്റും ആദ്യഗഡുവും ഗോപിനാഥ് മുതുകാട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് കൈമാറി. ഡി.എ.സി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോമസ് അധ്യക്ഷത വഹിച്ചു.

ഡബ്ല്യു.എച്ച്.ഒ. ഇന്ത്യൻ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് അഷീൽ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ദാമോദർ ആർക്കിടെക്റ്റ് സിഇഒ കെ. ദാമോദരൻ, മനോജ് ഒറ്റപ്പാലം, തങ്കമ്മ, ശശീന്ദ്രൻ മടിക്കൈ എന്നിവർ പങ്കെടുത്തു.

എൻഡോസൾഫാൻ ദുരിതബാധിതരടക്കം ലോകമെമ്പാടുമുള്ള നിരവധി കുട്ടികൾക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 100 കോടി രൂപയുടെ പദ്ധതിയുമായി മുന്നേറുന്ന ഐ.ഐ.പി.ഡി 2026-ൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കുകയും 2029 ഓടുകൂടി പൂർണ്ണമായും പ്രവർത്തന സജ്ജമാകുകയും ചെയ്യും. പദ്ധതി പൂർത്തിയായാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറും

Show More

Related Articles

Back to top button