ബഗ്രാം വിട്ടുനൽകില്ല; ട്രംപിന്റെ ആവശ്യം താലിബാൻ തള്ളി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരികെ പിടിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം താലിബാൻ തള്ളി. വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നൽകാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് താലിബാൻ കടുത്ത നിലപാട് സ്വീകരിച്ചു.
2001 സെപ്തംബർ 11 ഭീകരാക്രമണത്തിന് പിന്നാലെ യുഎസ് സൈന്യം നിയന്ത്രിച്ചിരുന്ന ബഗ്രാം 2021ൽ അമേരിക്കൻ സൈനികർ പിന്മാറിയതോടെ താലിബാന്റെ അധീനതയിലായിരുന്നു. ബഗ്രാം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്, അമേരിക്ക യാഥാർത്ഥ്യബോധത്തോടെയും യുക്തിയോടെയും നയങ്ങൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണുപോലും വിട്ടുനൽകാനാവില്ലെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട മേധാവി ഫസിഹുദ്ദീൻ ഫിത്രത് വ്യക്തമാക്കി. ചിലർ രാഷ്ട്രീയ നീക്കങ്ങളിലൂടെ ബഗ്രാം കൈവശപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സൂചനകളുണ്ടെങ്കിലും, അതിന് വഴങ്ങാൻ താലിബാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബഗ്രാം തിരികെ നൽകിയില്ലെങ്കിൽ ‘മോശം കാര്യങ്ങൾ സംഭവിക്കും’ എന്നായിരുന്നു ട്രംപിന്റെ ഭീഷണി. അമേരിക്ക നിർമ്മിച്ച വ്യോമതാവളം തിരികെ ലഭിക്കണമെന്ന നിലപാടിലാണ് ട്രംപ്. എന്നാൽ താലിബാന്റെ കടുത്ത മറുപടിയോടെ വിഷയം അന്താരാഷ്ട്ര തലത്തിൽ വീണ്ടും വിവാദമായി.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ അകലെയാണ് ബഗ്രാം വ്യോമതാവളം. ഒരുകാലത്ത് അഫ്ഗാനിസ്ഥാനിലെ യുഎസ്, നാറ്റോ സൈനിക നീക്കങ്ങളുടെ സുപ്രധാന കേന്ദ്രമായിരുന്ന സ്ഥലമാണിത്.




