മെസിയുടെ കേരളയാത്രക്ക് ഒരുക്കങ്ങൾ; അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിൽ

കൊച്ചി ∙ ലയണൽ മെസിയുടെ കേരള സന്ദർശനത്തിനൊരുങ്ങി കൊച്ചി. അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൊച്ചിയിലെത്തും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മത്സരവേദി സന്ദർശിച്ച് സുരക്ഷാസജ്ജീകരണങ്ങളും മറ്റ് സംവിധാനങ്ങളും വിലയിരുത്തും.
കായികമന്ത്രി വി. അബ്ദുറഹിമാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ടീമിന്റെ താമസസൗകര്യം, ഹോട്ടൽ, ഭക്ഷണം, യാത്രാ ക്രമീകരണം, മത്സരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.
ആദ്യം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങൾ മൂലം വേദി കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമായിരുന്നു തിരഞ്ഞെടുത്തത്. നവംബർ 10നും 18നും ഇടയിലാണ് അർജന്റീന ടീം കേരള സന്ദർശനം.
ഫുട്ബോൾ ലോകചാമ്പ്യന്മാരെ കേരളത്തിലെത്തിക്കുന്നത് സംസ്ഥാന സർക്കാരുമായി ചേർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ്.




