EducationKeralaLatest NewsLifeStyleNews

രാജഗിരി എന്‍ജി കോളേജ് രജതജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു രാജഗിരി എന്‍ജിനീയറിംഗ് കോളേജ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി

കാക്കനാട്: കൊച്ചിയിലെ രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി (ആര്‍എസ്ഇടി) യുടെ 25-ാം വാര്‍ഷികം (രജതജൂബിലി) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വേദിയില്‍ സ്വയം ചലിച്ചെത്തിയ റോബോട്ടിനു മുകളില്‍ സ്ഥാപിച്ച മെഴുകുതിരി കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. രാജഗിരി എന്‍ജിനീയറിംഗ് കോളേജ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാലത്തിനിടെ കേരളത്തിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജുകളുടെ കെ ഐ ആര്‍ എഫ് – 2024 റാങ്കിംഗില്‍ ഒന്നാം സ്ഥാനവും രാജഗിരി എന്‍ജിനീയറിംഗ് കോളേജ് നേടി. തൊഴില്‍ നൈപുണ്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനമായി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം തൊഴില്‍ അന്വേഷകര്‍ ആവാനല്ല, മറിച്ച് തൊഴില്‍ദാതാക്കള്‍ ആകാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടതെന്നും നിറഞ്ഞ സദസ്സിലെ രാജഗിരി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ എഞ്ചിനീയറിങ് വിദ്യാഭ്യാസം വെറും തിയറിയും ഫോര്‍മുലകളും പഠിക്കുന്നതില്‍ മാത്രമായി ഒതുക്കിക്കളയരുത്. പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതിനും നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും അവ നിങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഎംഐ എസ്എച്ച് പ്രോവിന്‍ഷ്യലും ആര്‍എസ്ഇടി മാനേജരുമായ ഫാ. ബെന്നി നാല്‍ക്കര സിഎംഐ അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, എം.എല്‍.എ ഉമ തോമസ്, കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ, ഐ.ബി.എസ് സോഫ്‌റ്റ്വെയര്‍ ചെയര്‍മാന്‍ വി.കെ. മാത്യുസ്, പ്രിന്‍സിപ്പല്‍ ഡോ. ജയ്സണ്‍ പോള്‍ മുലേരിക്കല്‍ സിഎംഐ, ഡയറക്ടര്‍ ഡോ. ജോസ് കുരിയേടത്ത് സിഎംഐ, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍ സിഎംഐ എന്നിവര്‍ സംസാരിച്ചു. ഇന്ത്യയുടെ ആക്‌സിയം 4 സ്പേസ് മിഷന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി. നായരെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു മുന്‍ ഡയറക്ടര്‍മാര്‍, മാനേജര്‍മാര്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. മ്യൂസിക് ക്ലബായ മല്‍ഹാര്‍, ഡാന്‍സ് ക്ലബായ പ്രവാഹ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

2001ലെ എളിയ തുടക്കത്തില്‍ നിന്ന് 25 വര്‍ഷത്തിനിടെ കേരളത്തിലെ മുന്‍നിര ഓട്ടോണമസ് സ്ഥാപനമായി വളര്‍ന്ന രാജഗിരി എന്‍ജിനീയറിംഗ് കോളേജിന്റെ വളര്‍ച്ചയെ പങ്കെടുത്തവരെല്ലാം അഭിനന്ദിച്ചു. ഇക്കാലത്തിനിടെ ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസ നിലവാരത്തിനൊപ്പം ഗവേഷണ മികവ്, ആഗോള പങ്കാളിത്തങ്ങള്‍ എന്നിവകളിലും കോളേജ് മുന്‍നിരയിലെത്തി. 2024-ലെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവര്‍ക്ക് പ്രകാരം, സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളേജുകളില്‍ ഒന്നാം സ്ഥാനത്താണ് രാജഗിരി. വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മുന്നേറ്റം ലക്ഷ്യമാക്കിയ ദര്‍ശനം മുന്നോട്ട് കൊണ്ടുപോകുന്ന ആര്‍എസ്ഇടി, 25 വര്‍ഷം കൊണ്ട് കേരളത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ മുന്‍നിര എന്‍ജിനീയറിങ് സ്ഥാപനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു.

ഫോട്ടോ – കൊച്ചിയിലെ രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി (ആര്‍എസ്ഇടി) യുടെ 25-ാം വാര്‍ഷികം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

Show More

Related Articles

Back to top button