ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ ഭാവിയും: ഹൈബി ഈഡൻ എം.പി.

എഡിസൺ, ന്യൂജഴ്‌സി : ഇന്ത്യയും അമേരിക്കയും ചരിത്രത്തിലെ നിർണായക ഘട്ടത്തിലൂടെയാണെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളെ ഇല്ലാതാക്കാൻ ഭരണകക്ഷി ശ്രമിക്കുന്നുവെന്നും, ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തെലങ്കാന, തമിഴ്നാട്, കേരള ചാപ്റ്ററുകൾ ചേർന്ന് സംഘടിപ്പിച്ച സ്വീകരണത്തിലാണ് ഹൈബി ഈഡനും ആന്ധ്രയിലെ എം.പി. ചമല കിരൺ കുമാർ റെഡ്ഡിയും പ്രസംഗിച്ചത്. ഇരുവരും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു അമേരിക്കയിലെത്തിയത്.

ഇന്ത്യയിലെ ഉയർന്ന താരിഫുകൾ കയറ്റുമതിക്ക് വലിയ തിരിച്ചടിയാണെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. തെലങ്കാനയും കേരളവും ചേർന്ന് ഏറ്റവും കൂടുതൽ സമുദ്രോത്പന്ന കയറ്റുമതി നടത്തുന്ന സംസ്ഥാനങ്ങളാണെന്നും, എട്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള കയറ്റുമതിയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ രാജ്യത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ വളരെ വലിയതാണെങ്കിലും അത് വേണ്ട വിധം അംഗീകരിക്കപ്പെടുന്നില്ലെന്നും, ഇന്ത്യയുടെ ഭാവി സംരക്ഷിക്കാൻ പ്രവാസി സമൂഹം ജാഗ്രത പാലിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടന ഇന്ത്യയിൽ പരാജയപ്പെടുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നെങ്കിലും, അയൽരാജ്യങ്ങൾ പരാജയപ്പെട്ടിട്ടും ഇന്ത്യ ഭരണഘടനയുടെ ശക്തിയിൽ നിലകൊണ്ടതായും അദ്ദേഹം ഓർമ്മപ്പെടുത്തി.

രാജ്യത്തിന്റെ വികസനത്തിന് അടിത്തറ കോൺഗ്രസാണ് ഒരുക്കിയതെന്നും, സെക്കുലറിസത്തിനായി പാർട്ടി തുടർന്നും പോരാടുമെന്നും ഹൈബി ഈഡൻ വ്യക്തമാക്കി. ഒരുദിവസം രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കിരൺ കുമാർ റെഡ്ഡി എം.പി. പ്രസംഗത്തിൽ, എച്ച്1 വിസയ്ക്കായി ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ നടപടി ഇന്ത്യയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞു. ട്രംപ് അമേരിക്കയെ ഗ്രേറ്റ് എഗൈൻ എന്ന് പറഞ്ഞപ്പോലെ, മോദിയും ഇന്ത്യയെ ഗ്രേറ്റ് എഗൈൻ എന്ന് പറഞ്ഞുവെങ്കിലും പ്രതീക്ഷിച്ച മാറ്റം ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയും തെരഞ്ഞെടുപ്പും സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടം രാജ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമ്മേളനത്തിൽ, ദീർഘകാലം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ സെക്രട്ടറി ജനറലായിരുന്ന അന്തരിച്ച ഹർഭച്ചൻ സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചു. ഹൈബി ഈഡനും കിരൺ കുമാർ റെഡ്ഡിയും അദ്ദേഹത്തിന്റെ സമർപ്പിത സേവനങ്ങളെ ഓർത്തു. ഐഒസി യുഎസ്എയുടെ നേതാക്കൾ ഹർഭച്ചൻ സിംഗിനെ “കോൺഗ്രസിന്റെ യഥാർത്ഥ സൈനികൻ” എന്ന് വിശേഷിപ്പിച്ചു.

ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയും, രാഹുൽ ഗാന്ധിയും അനുശോചന സന്ദേശങ്ങൾ അയച്ചു. ഹർഭച്ചൻ സിങ്ങിന്റെ ലാളിത്യവും സമർപ്പണവും പ്രവാസി സമൂഹത്തെ ഒന്നിപ്പിക്കുന്ന ശക്തിയുമാണ് എല്ലാവരും ചൂണ്ടിക്കാട്ടിയത്.

എഡിസൺ ആൽബർട്സ് പാലസിൽ നടന്ന സമ്മേളനത്തിൽ കേരള ചാപ്റ്ററിൽ നിന്ന് ചെയർമാൻ പോൾ കറുകപ്പള്ളി, ഡെപ്യൂട്ടി ചെയർമാൻ ആർ. ജയചന്ദ്രൻ, എൻജെ കേരള ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് ജോർജ്, മുൻ പ്രസിഡന്റ് ജോസ് വലിയകല്ലുങ്കൽ, ജോസ് ചാരുംമൂട്, ജിനേഷ് തമ്പി, റോയ് ചെങ്ങന്നൂർ, ബിജു കൊമ്പശേരി, ടോം നൈനാൻ, ഡോ. ഏനു എന്നിവരും പങ്കെടുത്തു. വൈസ് പ്രസിഡന്റ് ബൽദേവ് രൺധാവ, ട്രഷറർ ജോഷ്വ ജയ് സിംഗ്, ജനറൽ സെക്രട്ടറി സോഫിയ ശർമ്മ, ഐടി ഫോക്കൽ പോയിന്റ് രാജീവ് മോഹൻ, കർണാടക ചാപ്റ്റർ പ്രസിഡന്റ് രാജീവ് ഗൗഡ, എപി ചാപ്റ്റർ പ്രസിഡന്റ് ശ്രീനിവാസ റാവു, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഇമ്രാൻ പാഷ, മറ്റ് മുതിർന്ന നേതാക്കൾ, ഐഒസി യുഎസ്എയുടെ സുഹൃത്തുക്കൾ എന്നിവരും പങ്കെടുത്തു





