AmericaAssociationsFOKANAKeralaLatest NewsNews

നയതന്ത്ര പരാജയം പ്രവാസികളെ ബാധിക്കുന്നു: ഫൊക്കാന സ്വീകരണത്തിൽ  എൻ.കെ. പ്രേമചന്ദ്രൻ എം.പി

കോങ്കേഴ്സ്, ന്യു യോർക്ക് :  എൻ.കെ. പ്രേമചന്ദ്രൻ എം.പി, റാന്നി എം.എൽ.എ. പ്രമോദ് നാരായൺ, മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, ലീൻ ജസ്മാസ്, മോത്തി  രാജേഷ്,    എന്നിവർക്ക് ഫൊക്കാന സ്വീകരണം നൽകി. ഗ്ലോബൽ സെന്ററിൽ നടന്ന സ്വീകരണത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഏവരെയും സ്വാഗതം ചെയ്തു. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ആമുഖ പ്രസംഗം നടത്തി.

സുദീർഘമായൊരു ഇടവേളയ്ക്ക് ശേഷമാണ് ഫൊക്കാന സമ്മേളനത്തിൽ  സംസാരിക്കുന്നതെന്ന ആമുഖത്തോടെയാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പി തന്റെ വാക്കുകൾ  ആരംഭിച്ചത്. ഇന്നലെകളിൽ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പദ്ധതികൾക്ക് ഫൊക്കാന മുൻകൈ എടുത്തിട്ടുണ്ടെന്ന് സജിമോൻ ആന്റണിയുടെ  വിവരണത്തിൽ നിന്ന്  മനസ്സിലാക്കുന്നതിലെ അതിയായ സന്തോഷം അദ്ദേഹം രേഖപ്പെടുത്തി.

വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും ജനക്ഷേമ രംഗത്തും നൂതനവും  സ്തുത്യർഹവുമായ സേവനങ്ങൾ നൽകി  നാല് ദശാബ്ദങ്ങൾക്ക് ശേഷവും ഫൊക്കാന  മലയാളി സംഘടനകളുടെ അംബ്രല്ല ഓർഗനൈസേഷൻ ആയി സജീവമായി നിൽക്കുന്നത് പ്രശംസാര്ഹമാണ്.  ഫൊക്കാനയുടെ സ്ഥാപക നേതാവായ എം. അനിരുദ്ധന്റെ സമീപകാലത്തുണ്ടായ വിയോഗത്തിലെ അഗാധമായ ദുഃഖം രേഖപ്പെടുത്തിയതോടൊപ്പം കേരളത്തിൽ  അദ്ദേഹത്തിന് അർഹമായ  ആദരവ് കൊടുക്കാൻ സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും പ്രകടിപ്പിച്ചു.

ഫൊക്കാനയുടെ പ്രവർത്തനങ്ങൾ മാതൃകയാക്കിക്കൊണ്ടാണ് ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രവാസി സംഘടനകൾ കേരളത്തിനായി സഹായങ്ങൾ എത്തിക്കുന്നത്.    ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പത്തനംതിട്ട ചിറ്റാറിൽ  സ്വന്തം സ്ഥലം വിട്ടുനൽകി നടപ്പാക്കുന്ന ഫൊക്കാന വില്ലേജ് പ്രോജക്ടിനെയും  എംപി അഭിനന്ദിച്ചു.

ന്യൂജേഴ്‌സിയിൽ അവിഭക്ത ഫൊക്കാന കൺവൻഷൻ നടന്നപ്പോൾ അതിൽ പങ്കെടുക്കുകയും ഭാഷയ്‌ക്കൊരു ഡോളർ  പദ്ധതിക്കും നിരവധി   സെമിനാറുകൾക്കും സംവാദങ്ങൾക്കും സാക്ഷ്യം വഹിച്ചതുമായ അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു.

പുതുതലമുറയുടെ സാന്നിധ്യവും പങ്കാളിത്തവും സാമൂഹിക സംഘടനകളില്‍ പരിമിതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫൊക്കാന ഇതേപ്പറ്റി ഗൗരവമായി ചിന്തിക്കണം. അമേരിക്കയില്‍ മാത്രമല്ല, കേരളത്തിലെയും വിവിധ സാമൂഹിക, കലാ-സാംസ്‌കാരിക കൂട്ടായ്മകളിലും പുതുതലമുറയുടെ അസാന്നിധ്യം പ്രകടമാണെന്നും അവരെ ചേര്‍ത്ത് നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ആധുനികവത്കരണത്തിന്റെ സ്ഫോടനാത്മകമായ വികാസമാണ് ഇതിന് കാരണമെന്നും എംപി വിലയിരുത്തി. കേരളത്തിന്റെ അഭിവൃദ്ധിക്കായി യുവതലമുറയുടെ ക്രിയാത്മകമായ ഇടപെടൽ സാധ്യമാക്കാൻ ഉതകുന്ന പരിപാടികൾ ആവിഷ്കരിക്കുന്ന കാര്യം ആലോചിക്കണം .

ഫൊക്കാനയ്ക്ക് കൂടുതൽ കരുത്തോടെയും ഊർജ്ജത്തോടെയും ഇനിയും ഏറെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് എംപി ആശംസിച്ചു. അതിനൊക്കെയും താനുൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സഹായസഹകരണങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.

മാധ്യമങ്ങളും സാംസ്കാരിക സംഘടനകളും കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടാകുന്ന വികാസം എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഉണ്ടാകുന്നില്ല എന്നത് ഗൗരവമായി നോക്കിക്കാണാൻ ഇടപെടൽ നടത്തണം.

രാജ്യാന്തര രംഗത്തെ സ്ഥിതിഗതികൾ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.  നയപരമായ കാര്യങ്ങളിലെ അസ്ഥിരത അനേകം പ്രവാസികളെ ബാധിക്കുന്നു. അതൊക്കെയും നയതന്ത്ര രംഗത്ത്  വന്ന  അപചയത്തിന്റെ അനന്തരഫലമാണെന്ന് എംപി ചൂണ്ടിക്കാട്ടി.

അയൽരാജ്യങ്ങളുമായി സൗഹൃദം നിലനിർത്തുന്നതിലെ പരാജയം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രവാസികളെ ബാധിക്കുമ്പോൾ, രാഷ്ട്രീയത്തിന് അതീതമായി എൻആർഐ കമ്മ്യൂണിറ്റിയെ ബാധിക്കുന്ന വിഷയങ്ങളിൽ  സഭയിൽ എടുക്കുന്ന നടപടികൾ ശ്രദ്ധേയമാണെന്നും ഇതിനായി സ്വയം പാർലമെന്റിൽ നിരവധി ബില്ലുകളും സ്വകാര്യ പ്രമേയങ്ങളും അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളില്‍ ഏതെങ്കിലും ഒരു കോഴ്‌സിന് ചേരുന്നവര്‍ക്ക് പ്രോസ്‌പെക്ടസില്‍ പോലും പറയാത്ത ഭീമമായ തുക ഫീസിനത്തില്‍ കൊടുക്കേണ്ടതായ സാഹചര്യം നിലവിലുണ്ട്. പലതരത്തിലുള്ള ഫീസുകള്‍ കൊടുക്കാന്‍ കഴിയാതെ പഠനം ഇടയ്ക്കു വച്ച് നിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഫൊക്കാന മുന്നോട്ടു വന്നത് അത്യന്തം അഭിമാനകരമാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം പ്രതിസന്ധികള്‍ ഫൊക്കാന കണ്ടെത്തിയതു തന്നെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള മലയാളി പ്രസ്ഥാനങ്ങളില്‍ ഇതിഹാസമായി മാറിയ സംഘടനയാണ് ഫൊക്കാന എന്ന് റാന്നി എം.എല്‍.എ പ്രമോദ് നാരായണന്‍ പ്രശംസിച്ചു. എല്ലാ വലിയ യാത്രകളും ആരംഭിക്കുന്നത് ആദ്യത്തെ കാല്‍വയ്പ്പില്‍ നിന്നാണ് എന്ന ചൈനീസ് പഴമൊഴിയില്‍ നിന്നുകൊണ്ട് ഫൊക്കാനയുടെ കാല്‍വയ്പ്പുകള്‍ ഒരുമിച്ചുള്ള ഭദ്രമായ ഒരു ദീര്‍ഘയാത്രയാവട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു- പ്രമോദ് നാരായാണന്‍ പറഞ്ഞു.

ജീവിക്കാന്‍ അധികം പണം ആവശ്യമില്ല എന്നാണ് മനോരമ ന്യൂസ് ടി.വി ഡയറക്ടര്‍ ജോണി ലൂക്കോസിന്റെ അഭിപ്രായം.  ആംഗലേയ സാഹിത്യകാരനായ സോമര്‍സെറ്റ് മോം, പണത്തെ വിശേഷിപ്പിക്കുന്നത് ആറാം ഇന്ദ്രിയം എന്നാണ്. പണം ഉണ്ടെങ്കില്‍ അഞ്ച് ഇന്ദ്രിയങ്ങളും ഒരുമിച്ച് നന്നായി പ്രവര്‍ത്തിക്കുമത്രേ. അതു കൊണ്ട് മറ്റുള്ളവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും കാണണം, കേള്‍ക്കണം, സ്പര്‍ശിക്കണം. ഈ ആറാം ഇന്ദ്രിയം നമുക്ക് ഫലപ്രദമായി ഉപയോഗിക്കാനുള്ള മാര്‍ഗമായിട്ട് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കട്ടെ എന്ന് ജോണി ലൂക്കോസ് പറഞ്ഞു.

പ്രസിഡന്റ് സജിമോന്‍ ആന്റണി സ്വാഗതം  ഫൊക്കാന നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പരിപാടികളെ കുറിച്ച്  വിശദീകരിച്ചു. ന്യൂജേഴ്‌സിയില്‍ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വേദിയില്‍ വച്ച് ഫൊക്കാന പ്രിവിലേജ് കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ വിതരണം ചെയ്യാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.കെ പ്രേമചന്ദ്രന്‍, പ്രമോദ് നാരായണന്‍ തുടങ്ങിയവര്‍ നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ മാനേജര്‍ റവ. ഫാ. സിജോ പാണ്ടപ്പള്ളില്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, പ്രമോദ് നാരായണന്‍ എം.എല്‍.എ, മനോരമയുടെ ജോണി ലൂക്കോസ്, ന്യൂസ് 18 കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റര്‍ ലീന്‍ ബി ജെസ്മസ്, മാതൃഭൂമി ടി.വി സീനിയര്‍ സബ് എഡിറ്റര്‍ മോത്തി രാജേഷ് എന്നിവരെ സജിമോന്‍ ആന്റണി പൊന്നാട അണിയിച്ച് ആദരിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാനയുടെ മുൻ പ്രസിഡന്റും കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പിള്ളിൽ, റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ലീലാ മാരേട്ട് , ആര്‍.വി.പി ആന്റോ വര്‍ക്കി, ഫിലിപ്പോസ് ഫിലിപ്പ്, സജി പോത്തന്‍, ജോയ് ഇട്ടന്‍, ഷൈമി  ജേക്കബ് എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button