മലയാള സിനിമയുടെ പ്രിയപ്പെട്ട മാതൃമുഖങ്ങളിലൊരാളായ അടൂർ ഭവാനി അമ്മയെ ഓർക്കുമ്പോൾ

അടൂർ : മലയാള സിനിമയുടെ പ്രിയപ്പെട്ട മാതൃമുഖങ്ങളിലൊരാളായ അടൂർ ഭവാനി അമ്മയെ ഓർക്കുമ്പോൾ , നായികയായും, അമ്മയായും, അമ്മൂമ്മയായും അനശ്വര കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഈ പ്രശസ്ത നടി 1927-ൽ വൃശ്ചികം അഞ്ചിന് പത്തനംതിട്ട ജില്ലയിലെ അടൂരിൽ കുഞ്ഞിരാമൻ പിള്ളയും കുഞ്ഞുകുഞ്ഞമ്മയും ദമ്പതികൾക്ക് ജനിച്ചു.

മനക്കര ഗോപാലപ്പിള്ളയുടെ “വേലുത്തമ്പി ദളവ” എന്ന നാടകത്തിൽ കൊട്ടാരക്കരയുടെ അമ്മയായി അഭിനയിച്ചാണ് കലാജീവിതം ആരംഭിച്ചത്. 1950-കളിൽ പുറത്തിറങ്ങിയ ശരിയോ തെറ്റോ ആയിരുന്നു ആദ്യചിത്രം. അതിനുശേഷം അര നൂറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ നൂറിലധികം ചിത്രങ്ങളിൽ ഭവാനി അമ്മ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. സേതുരാമയ്യർ സിബിഐ ആയിരുന്നു അവരുടെ അവസാന ചിത്രം.

1965-ൽ രാമുകാര്യാട്ടിന്റെ ചെമ്മീൻ എന്ന സിനിമയിലെ തനതായ പ്രകടനത്തിലൂടെ ഭവാനി അമ്മ സിനിമാപ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. 1969-ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി അവാർഡ്, 2002-ലെ മാതൃഭൂമി അവാർഡ്, 2008-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് എന്നിവയും അവർക്ക് ലഭിച്ചു.
മുടിയനായ പുത്രൻ, പാടാത്ത പൈങ്കിളി, നിണമണിഞ്ഞ കാൽപ്പാടുകൾ, ചെമ്മീൻ, തുലാഭാരം, കടൽപ്പാലം, നദി, സ്ത്രീ, ചെമ്പരത്തി, പണി തീരാത്ത വീട്, ടി.പി. ബാലഗോപാലൻ എം.എ., ജാഗ്രത, സേതുരാമയ്യർ സിബിഐ തുടങ്ങിയവ ഉൾപ്പെടെ ഭവാനി അമ്മ അഭിനയിച്ച നിരവധി സിനിമകൾ ഇന്നും മലയാള ചലച്ചിത്രചരിത്രത്തിൽ അവിസ്മരണീയമാണ്.
നാടകവേദിയിലും അവർ തിളങ്ങി. വേലുത്തമ്പി ദളവ, മൂലധനം, തുലാഭാരം, അശ്വമേധം, പീനൽ കോഡ്, പാഠം ഒന്ന് തുടങ്ങി നിരവധി നാടകങ്ങളിലൂടെ അവർ തന്റേതായ മികവ് തെളിയിച്ചു.
ജനാർദ്ദനൻ പിള്ളയായിരുന്നു ഭവാനി അമ്മയുടെ ഭർത്താവ്. രാജീവ് മകനാണ്. സഹോദരി അടൂർ പങ്കജവും പ്രശസ്ത ചലച്ചിത്ര നടിയായിരുന്നു.
2009 ഒക്ടോബർ 25ന് അടൂരിൽ വെച്ചായിരുന്നു ഭവാനി അമ്മയുടെ നിര്യാണം. മലയാള സിനിമയുടെ അമ്മാമ്മയായി മാറിയ ഈ അതുല്യ നടിയെ സിനിമ ലോകം ആദരാഞ്ജലികളോടെ ഓർക്കുന്നു.




