സുബിന്‍ കുമാരന്‍ ഫോമായുടെ 2026 ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍; ജോയി എൻ. സാമുവൽ ജനറൽ കൺവീനർ

ഫിലാഡൽഫിയ : ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്റെ ചെയര്‍മാനായി സുബിന്‍ കുമാരനെയും ജനറൽ കൺവീനറായി ജോയി എൻ. സാമുവലിനെയും നാഷണൽ കമ്മിറ്റി അംഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ മാത്യുസ് മുണ്ടക്കൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ജനറൽ കൺവീനറായ സുബിൻ കുമാരനെ ചെയർമാനാക്കിയത്. സതേൺ റീജിയൻ ട്രഷററായും രജിസ്‌ട്രേഷൻ കമ്മിറ്റി മുൻ ചെയർമാനുമായ ജോയി എൻ. സാമുവൽ ജനറൽ കൺവീനറായി ചുമതലയേൽക്കും.
പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച നാഷണൽ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കമ്മിറ്റിയിൽ സംഘടനയുടെ നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ജനുവരിയിൽ കേരളത്തിൽ നടക്കുന്ന കൺവൻഷനും ജൂലൈ–ഓഗസ്റ്റ് മാസങ്ങളിൽ ഹ്യൂസ്റ്റണിൽ നടക്കാനിരിക്കുന്ന അന്തർദേശീയ കൺവൻഷനും സംബന്ധിച്ച ഒരുക്കങ്ങൾ പരിശോധിക്കുകയും ചെയ്തു.
യു.എസ്.എയും യു.കെയും ആസ്ഥാനമായ കിയാൻ ഇന്റർനാഷണൽ എൽ.എൽ.സി.യുടെ മാനേജിംഗ് ഡയറക്ടറായ സുബിൻ കുമാരൻ ഫോമായുടെ സജീവ പ്രവർത്തകനാണ്. സതേൺ റീജിയൻ ബിസിനസ് ഫോറം ചെയർമാനായും ലോകകേരളസഭയുടെ അമേരിക്കൻ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാനായിരുന്ന സുബിന്‍ പൊതുപ്രവർത്തന രംഗത്തേക്ക് ബാലസംഘത്തിലൂടെയാണ് കടന്നത്. മാഗിന്റെ ജനറൽ സെക്രട്ടറിയായ സുബിൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ്. ഇടുക്കി ജില്ലയിലെ കുറത്തിക്കുടി, പെട്ടിമുടി തുടങ്ങിയ ആദിവാസി മേഖലകളിലെ നൂറിലധികം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ മൂന്നു വർഷമായി സാമ്പത്തിക സഹായം നൽകുന്നുണ്ട്.




