KeralaLatest NewsNews

അടിമാലി ലക്ഷം വീട് നഗറിൽ മനുഷ്യനിർമിത ദുരന്തം; നിവാസികൾ ഭീതിയിൽ, ജില്ല ഭരണകൂടം മാറ്റിപ്പാർപ്പിക്കാൻ തീരുമാനം

അടിമാലി : അടിമാലി എട്ടുമുറി ഭാഗത്ത് ദേശീയപാതയോരത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും ആറു വീടുകൾ പൂർണമായും തകർന്നതിനെ തുടർന്നും, സമീപത്തെ ലക്ഷം വീട് നഗർ ഇനി താമസയോഗ്യമല്ലെന്ന ആശങ്കയിലാണ് നാട്ടുകാർ. 1972-ൽ അന്നത്തെ മന്ത്രി എം.എൻ.ഗോവിന്ദൻ ആരംഭിച്ച ഈ നഗർ, 53 വർഷങ്ങളായി നിരവധി കുടുംബങ്ങൾക്ക് ആവാസ കേന്ദ്രമായിരുന്നു. 2007–08 കാലഘട്ടത്തിൽ നവീകരണം നടത്തി ഓരോ കുടുംബത്തിനും വ്യത്യസ്ത വീടുകൾ നിർമിച്ചു നൽകിയിരുന്നു. നിലവിൽ 44 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

adimali-landslide-8

ശനിയാഴ്ചയുണ്ടായ ദുരന്തത്തിന് ശേഷം ജില്ല ഭരണകൂടം നഗറിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, സ്ഥിര താമസത്തിന് പുനരധിവാസ പദ്ധതി പ്രഖ്യാപിക്കാത്തത് നിവാസികളിൽ കടുത്ത ആശങ്കയ്ക്കിടയാക്കി. താൽക്കാലികമായി ക്യാംപുകളിലേക്കോ മറ്റ് കെട്ടിടങ്ങളിലേക്കോ മാറ്റിയാൽ പിന്നീടത് മറന്നുപോകുമെന്നും, തങ്ങൾ വീണ്ടും അപകടമേഖലയിലേക്കാണ് മടങ്ങേണ്ടി വരികയെന്നും അവർ പറയുന്നു. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയപാത നിർമാണമാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

adimali-landslide-9

മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചതിനെത്തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ അടിയന്തരയോഗം ചേർന്നു. 44 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാനുള്ള തീരുമാനം യോഗത്തിൽ കൈക്കൊണ്ടു. 25 കുടുംബങ്ങളെ അടിമാലി സർക്കാർ സ്കൂളിൽ താൽക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ കത്തിപ്പാറ ക്വാർട്ടേഴ്സിലേക്കും മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിലേക്കും മാറ്റും. ജിയോളജി, ദുരന്ത നിവാരണ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക ശാസ്ത്രീയ പരിശോധനാ സംഘം ദുരന്തബാധിത പ്രദേശങ്ങളിൽ പരിശോധന നടത്തും.

മന്ത്രി റോഷി അഗസ്റ്റിനും ഡീൻ കുര്യാക്കോസ് എംപിയും ജില്ലാ കലക്ടർ ദിനേശൻ ചെറുവാട്ടും അടിമാലി മൂന്നാർ ദേശീയപാതയിലെ കൂമ്പൻപാറയിലെയും ലക്ഷം വീട് നഗറിലെയും അപകടസ്ഥലങ്ങൾ സന്ദർശിച്ചു.

അടിമാലിയിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള എട്ടുമുറി പ്രദേശം മുമ്പും ദുരന്തത്തിന്റെ പിടിയിലായിരുന്നു. 2018 ഓഗസ്റ്റ് 8ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരേ കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. അന്നത്തെ ദുരന്തസ്ഥലത്തിൽനിന്ന് വെറും 300 മീറ്റർ മാറിയിടത്താണ് ശനിയാഴ്ച വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

അടിമാലിയുടെ ഹൃദയഭാഗത്ത് ആവർത്തിച്ച് നടക്കുന്ന ഈ ദുരന്തങ്ങൾ മനുഷ്യനിർമിത അശ്രദ്ധയുടെ ഫലമാണെന്ന വിലയിരുത്തലാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. “ലക്ഷം വീട് നഗർ ഇനി താമസയോഗ്യമോ?” എന്ന ചോദ്യമാണ് ഇപ്പോൾ അവിടത്തെ ജനങ്ങളുടെ മനസ്സിൽ മുഴങ്ങുന്നത്.

Show More

Related Articles

Back to top button