CrimeKeralaLatest News

ഓപ്പറേഷന്‍ സൈ ഹണ്ട്: സൈബര്‍ തട്ടിപ്പ് സംഘത്തിന്‍റെ കണ്ണികളായ മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ പിടിയില്‍.

കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ സൈ ഹണ്ട്‍ന്റെ ഭാഗമായി സൈബര്‍ തട്ടിപ്പ് സംഘത്തിന്‍റെ കണ്ണികളായ മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ പിടിയിലായി. വിവിധ ബാങ്ക് ബ്രാഞ്ചുകളില്‍ നിന്ന് തട്ടിപ്പ് പണം പിന്‍വലിക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്.

ഏലൂര്‍ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. മൂവരും കൊച്ചിയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന 21 വയസ്സുകാരാണ്. കളമശേരി കാനറാ ബാങ്ക് ബ്രാഞ്ചില്‍ നിന്ന് എണ്‍പതിനായിരം രൂപ പിന്‍വലിക്കുന്നതിനിടെ അഭിഷേകാണ് ആദ്യം പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരടിലെ മഹാരാഷ്ട്ര ബാങ്ക് ബ്രാഞ്ചില്‍ നിന്ന് ഹാഫിസിനെയും അല്‍ത്താഫിനെയും പൊലീസ് പിടികൂടി. ഇവരുടെ കൈവശം ആറ് ലക്ഷത്തിലേറെ രൂപ കണ്ടെത്തിയിട്ടുണ്ട്.

സുഹൃത്തുക്കളായ പത്തിലേറെ കോളജ് വിദ്യാര്‍ഥികളെയും ഇവര്‍ സൈബര്‍ തട്ടിപ്പില്‍ പങ്കാളികളാക്കിയതായി അന്വേഷണം വ്യക്തമാക്കുന്നു. അക്കൗണ്ടുകളിലെത്തുന്ന പണം പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന്‍റെ മറ്റു അക്കൗണ്ടുകളിലേക്ക് കൈമാറുക എന്നതാണ് ഇവരുടെ ചുമതല. അന്‍പതിനായിരം രൂപ പിന്‍വലിക്കുമ്പോള്‍ അയ്യായിരം രൂപ കമ്മിഷന്‍ ലഭിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇടപാടുകള്‍.

ഇവരെ നിയന്ത്രിച്ചിരുന്നത് പെരുമ്പാവൂര്‍ സ്വദേശിയാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഒന്നരവര്‍ഷത്തിലേറെയായി മൂവരും സൈബര്‍മാഫിയ സംഘത്തിന്‍റെ കണ്ണികളായാണ് പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറയുന്നു. കൊച്ചിയില്‍ മാത്രം തട്ടിപ്പ് സംഘങ്ങള്‍ നിയന്ത്രിക്കുന്ന മുന്നൂറിലേറെ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ കര്‍മ്മപദ്ധതി ആവിഷ്‌കരിക്കാന്‍ സിറ്റി പൊലീസ് തീരുമാനിച്ചു.

Show More

Related Articles

Back to top button