പേരാമ്പ്ര സംഘർഷം: ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ല; കോടതിയെ സമീപിക്കാൻ ഒരുങ്ങി ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിനെ ആക്രമിച്ചതിന് പിന്നാലെ കോൺഗ്രസിന്റെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയില്ലെന്നാരോപിച്ച് എംപി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
സംഘർഷ സമയത്ത് തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്ന് എംപി വെളിപ്പെടുത്തിയിരുന്നു. സർവീസിൽ നിന്ന് പുറത്താക്കി പിന്നീടു രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് ആക്രമിച്ചതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.
വിഡിയോ ദൃശ്യങ്ങള്‍ സഹിതം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷാഫി ആരോപണങ്ങള്‍ ഉന്നയിച്ചത്. വിഷയത്തില്‍ ഡിജിപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് വ്യക്തമാക്കി. എംപിക്ക് എതിരായ നിയമനടപടി ഉദ്ദേശ്യമല്ലെന്നും, ഷാഫിയുടെ ആരോപണം ഉപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചുവെന്നും അഭിലാഷ് പറഞ്ഞു.
സംഭവത്തില്‍ ഇരുവിഭാഗത്തിൻ്റെയും നിലപാടുകൾ വ്യക്തമാകുന്ന സാഹചര്യത്തില്‍ പേരാമ്പ്ര സംഘര്‍ഷം പുതിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴിമാറുകയാണ്.




