CinemaIndiaLatest NewsPolitics

കരൂര്‍ ദുരന്തം: ‘വിജയ് മാത്രമല്ല ഉത്തരവാദി’; പ്രതികരണവുമായി അജിത്ത് കുമാര്‍

ചെന്നൈ: കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് നടന്‍ അജിത്ത് കുമാര്‍ പ്രതികരണവുമായി രംഗത്തെത്തി. “സംഭവത്തിന് വിജയ് മാത്രമല്ല ഉത്തരവാദി. ജനകൂട്ടത്തെ ഉപയോഗിക്കുന്ന പ്രവണതയാണ് അപകടങ്ങളുടെ മുഖ്യകാരണം. ഇത്തരം പ്രവണതകള്‍ അവസാനിക്കണം,” എന്ന് അജിത്ത് വ്യക്തമാക്കി. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ആരെയും താഴ്ത്തിക്കാട്ടാനല്ല ഞാൻ പറയുന്നത്. പക്ഷേ കരൂര്‍ ദുരന്തം തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന ചില തെറ്റായ സമീപനങ്ങളെ വെളിവാക്കുന്നു. ഈ സംഭവത്തിന് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട് – മാധ്യമങ്ങള്‍ക്കും സമൂഹത്തിനും അടക്കം. സ്വാധീനം തെളിയിക്കാന്‍ ആള്‍ക്കൂട്ടത്തെ ഉപയോഗിക്കുന്ന പതിവ് അവസാനിക്കണം,” എന്നും അജിത്ത് പറഞ്ഞു.

“താരങ്ങള്‍ക്ക് ആരാധകരുടെ സ്നേഹം വേണം. സിനിമക്കായി ഞങ്ങള്‍ രാത്രികളിലും ഷൂട്ടിങ് നടത്തുന്നുണ്ട്, കുടുംബത്തില്‍നിന്ന് അകന്നുനില്‍ക്കുന്നു – അതെല്ലാം ജനങ്ങളുടെ സ്നേഹത്തിനായി. പക്ഷേ ജനകൂട്ടത്തെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവണത മാധ്യമങ്ങള്‍ തന്നെയാണ് വളര്‍ത്തുന്നത്,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“സിനിമാ താരങ്ങള്‍ എത്തുന്നിടത്ത് മാത്രമേ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുന്നത് കാണാറുള്ളു. ക്രിക്കറ്റ് കാണാന്‍ പോകുന്ന ജനങ്ങളെ നോക്കൂ – അവിടെ ഇതൊന്നും നടക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ് തിയറ്ററുകളിലും സിനിമാ ചടങ്ങുകളിലും മാത്രമേ ഇതുണ്ടാകുന്നത്? ഇത് മുഴുവന്‍ സിനിമാ മേഖലയെയും മോശമായി പ്രതിഫലിപ്പിക്കുന്നു. ഇതൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നതല്ല,” എന്നും അജിത്ത് കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Back to top button