മൊസാംബിക് ബോട്ട് ദുരന്തം: ഇന്ദ്രജിത്തിന് വെളിയനാട് വിടചൊല്ലി.

പിറവം : മൊസാംബിക്കിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ ദാരുണമായി മരിച്ച ഇന്ദ്രജിത്ത് സന്തോഷിന് ജന്മനാടിന്റെ കണ്ണീരൊപ്പിയ വിട. പിറവം വെളിയനാട് പോത്തൻ കുടിലിൽ 22 കാരനായ ഇന്ദ്രജിത്തിന്റെ സംസ്കാരം നടന്നു. സന്തോഷിന്റെയും ഷീനയുടെയും ഏകമകനായ ഇന്ദ്രജിത്തിന്റെ വേർപാട് ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
കഴിഞ്ഞ ഒക്ടോബർ 16-ന് പുലർച്ചെ 3 മണിയോടെ തുറമുഖത്തു നിന്നു 31 നോട്ടിക്കൽ മൈൽ അകലെയുള്ള എം.ടി. സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലേക്കു ജോലിക്കായി ബോട്ടിൽ പോകുന്നതിനിടെ ദുരന്തമാണ് സംഭവിച്ചത്. ഷാർജ ആസ്ഥാനമായ ഏരീസ് മറൈൻ ആൻഡ് എൻജിനീയറിങ് സർവീസസിൽ ജോലിചെയ്തുവരികയായിരുന്നു ഇന്ദ്രജിത്ത്. അതേ അപകടത്തിൽ ചവറ തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ ഉൾപ്പെടെ നാലുപേരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു.
മൊസാംബിക്കിൽ നിന്നു വിമാനമാർഗം ശനിയാഴ്ച മുംബൈയിൽ എത്തിച്ച മൃതദേഹം ഇന്നലെ പുലർച്ചെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. ഉച്ചയോടെ ജന്മനാടായ വെളിയനാട്ടിലെ വീട്ടിലെത്തിച്ചപ്പോൾ അമ്മ ഷീനയും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. ദുഃഖത്തിലും വേദനയിലുമാണ് മുഴുവൻ പ്രദേശവും.




