മിസോറി സിറ്റിയിൽ വീണ്ടും റോബിൻ ഇലക്കാട്ട്; മൂന്നാം തവണ മേയറായി

മിസോറി സിറ്റി (ടെക്സസ്): മിസോറി സിറ്റിയിലെ മേയർ സ്ഥാനത്തേക്ക് റോബിൻ ജെ. ഇലക്കാട്ട് മൂന്നാം തവണയും വിജയിച്ചു. എതിരാളിയായ ജെഫ്രി എൽ. ബോണിക്ക് 4,365 വോട്ടുകൾ (44.33%) ലഭിക്കുമ്പോൾ, റോബിന് 5,481 വോട്ടുകൾ (55.67%) ലഭിച്ചു.
2020 ഡിസംബർ 21-ന് മിസോറി സിറ്റിയുടെ 12-ാമത് മേയറായി ചുമതലയേറ്റ റോബിൻ, 2009 മുതൽ 2015 വരെ ഡിസ്ട്രിക്ട് സി-യെ പ്രതിനിധീകരിച്ച് സിറ്റി കൗൺസിലിൽ പ്രവർത്തിച്ചിരുന്നു. ആരോഗ്യ മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള റോബിൻ, ഇപ്പോൾ മിസോറി സിറ്റിയിൽ തന്നെ സ്വന്തം ബിസിനസ് നടത്തുന്നു. ഭാര്യ ടീന ഫിസിഷ്യൻ അസിസ്റ്റന്റാണ്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.
മേയറായിരിക്കെ റോബിൻ ഇലക്കാട്ട് നിരവധി പ്രധാന പദ്ധതികൾക്ക് നേതൃത്വം നൽകി. ടെക്സസ് പാർക്ക്വേ–കാർട്ട്റൈറ്റ് റോഡ് വികസന പദ്ധതിക്ക് ഫണ്ട് ഉറപ്പാക്കി. നഗര ഭരണത്തിൽ ബജറ്റ് സുതാര്യത ഉറപ്പാക്കുകയും പബ്ലിക് സേഫ്റ്റി അനെക്സും പോലീസ് മിനി-സ്റ്റേഷനും ആരംഭിക്കുകയും ചെയ്തു. അഗ്നിശമന കേന്ദ്രങ്ങൾ നവീകരിച്ച് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി.
ബിസിനസ് വളർച്ചക്കും തൊഴിൽ അവസരങ്ങൾക്കും പുതിയ വഴികൾ തുറന്നതോടൊപ്പം വിനോദ സൗകര്യങ്ങളും ഗതാഗത പദ്ധതികളും വിപുലീകരിച്ചു. മേയർസ് യൂത്ത് കമ്മിഷൻ, ഔട്ട്റീച്ച് പ്രോഗ്രാമുകൾ എന്നിവ മുഖേന സമൂഹ ഐക്യം ശക്തിപ്പെടുത്താൻ കഴിഞ്ഞു.
റോബിൻ ഇലക്കാട്ടിന്റെ നേതൃത്വത്തിൽ മിസോറി സിറ്റി സമുദായ വികസനത്തിലും പൊതുസുരക്ഷാ പദ്ധതികളിലും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു.




