ഒത്തൊരുമയാൽ വിജയിക്കാം: ഡെമോക്രാറ്റുകൾക്ക് ഒബാമയുടെ അഭിനന്ദനം

വാഷിംഗ്ടൺ: യുഎസിലെ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ അഭിനന്ദിച്ചു. പാർട്ടിയിലെ ഐക്യവും ഭാവിയിലേക്കുള്ള പ്രതീക്ഷയും ഈ വിജയത്തിൽ പ്രകടമായതായി ഒബാമ പറഞ്ഞു.
“ഇത് ഐക്യത്തിന്റെയും കരുത്തിന്റെയും വിജയമാണ്. ഭാവി മുന്നിൽ കണ്ടും പ്രശ്നങ്ങൾ മനസ്സിലാക്കിയും പ്രവർത്തിക്കുന്ന നേതൃത്വം വിജയിക്കും,” ഒബാമ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
“വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒരുമിച്ച് നിന്നാൽ നമുക്ക് കൂടുതൽ നേട്ടങ്ങൾ നേടാം. മുന്നിൽ ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇനിയും കൂടുതലുണ്ട്, പക്ഷേ ഭാവി കൂടുതൽ പ്രതീക്ഷാജനകമായി തോന്നുന്നു,” അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ 2026ലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റുകൾക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. യുഎസ് ഹൗസിൽ നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉള്ള നേരിയ ഭൂരിപക്ഷം മറികടന്ന് സഭ തിരികെ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഡെമോക്രാറ്റുകൾ. ട്രംപിന്റെ നയങ്ങളോടുള്ള എതിർപ്പിനെയും ഈ ഫലങ്ങൾ വ്യക്തമാക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.




