ചെങ്കോട്ട സ്ഫോടനം: ‘ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു, ചെയ്തത് ചെയ്തു’ – പാക്ക് നേതാവിന്റെ വിവാദ വെളിപ്പെടുത്തൽ

ഇസ്‍ലാമാബാദ് : ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപം ഒക്ടോബർ 10ന് ഉണ്ടായ കാർ സ്ഫോടനത്തിൽ പാക്കിസ്ഥാൻ പങ്കുണ്ടെന്ന വിവാദ അവകാശവാദവുമായി പാക്ക് അധിനിവേശ കശ്മീരിലെ നേതാവ് ചൗധരി അൻവറുൾ ഹഖ് മുന്നോട്ട് വന്നു. അസംബ്ലി യോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
“ബലൂചിസ്ഥാനിൽ രക്തചൊരിച്ചിൽ തുടരുകയാണെങ്കിൽ ചെങ്കോട്ട മുതൽ കശ്മീർ വരെ ഇന്ത്യയെ ആക്രമിക്കുമെന്നു നേരത്തെ പറഞ്ഞിരുന്നു. അത് ഞങ്ങൾ ചെയ്തു… ഞങ്ങളുടെ ധീരനായ ആളുകൾ ചെയ്തു’’ എന്നായിരുന്നു ഹഖിന്റെ പ്രസ്താവന. സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഒക്ടോബർ 10 വൈകിട്ട് 6.52നാണ് രാജ്യം നടുങ്ങിച്ച സ്ഫോടനം നടന്നത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപത്ത്, റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലായിരുന്നു ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. സിഗ്നലിൽ നിർത്തിയ നിമിഷം തന്നെയായിരുന്നു സ്ഫോടനം.
കാർ ഓടിച്ചിരുന്നത് കശ്മീരിലെ പുൽവാമ സ്വദേശിയായ ഡോ. ഉമർ നബിയായിരുന്നു. ഭീകര ബന്ധമുള്ളതായി കണ്ടെത്തിയ ഇയാളുടെ ബന്ധുക്കളായ സുഹൃത്തുകളും ഡോക്ടർമാരും എൻഐഎ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. 15 പേരുടെ ജീവൻ പോയ ഈ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.




