
സിഡ്നി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനപൂർവ്വം സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓസ്‌ട്രേലിയയിൽ ശ്ലൈഹിക സന്ദർശനത്തിനായി എത്തിയിട്ടുണ്ട്. നവംബർ 21 മുതൽ 24 വരെ സിഡ്നി റീജനും ഭദ്രാസനാസ്ഥാനമായ കാൻബറയും ഉൾപ്പെടെ പ്രധാന ചടങ്ങുകളും സന്ദർശനങ്ങളും നടക്കും.

നാളെ, ഓസ്‌ട്രേലിയയിലെ പ്രമുഖ രാഷ്ട്രീയ, സാമുദായിക, സഭാ നേതാക്കളുമായി ബാവാ കൂടിക്കാഴ്ച നടത്തും. 22-ാം തീയതി രാവിലെ 10 മണിക്ക് ഭദ്രാസന രൂപീകരണ വാർഷിക സമ്മേളനവും വിവിധ കാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചടങ്ങും നടത്താനാണ് ക്രമീകരിച്ചിരിക്കുന്നത്.
23-ന് സിഡ്നിയിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ കാതോലിക്കാ ബാവാ വിശുദ്ധ ബലി അർപ്പിക്കും. തുടർന്ന് അർമേനിയൻ ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയും നടക്കും.

24-ാം തീയതി ഓസ്‌ട്രേലിയൻ പാർലമെന്റ് മന്ദിരത്തിൽ ബാവായ്ക്ക് പ്രത്യേക സ്വീകരണം ഒരുക്കിയിട്ടുണ്ട്. പാർലമെന്റ് അംഗങ്ങളും ന്യൂസീലൻഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ ദേവാലയ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
സഹായ മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദീയെസ്കോറോസും ഏഷ്യ പസഫിക് ഭദ്രാസന സെക്രട്ടറി തോംസസ് വർഗീസ് കോറെപ്പിസ്കോപ്പയും ഭദ്രാസന കൗൺസിലും ചേർന്ന് സന്ദർശനത്തിന്റെയും വാർഷിക സമ്മേളനത്തിന്റെയും സംവിധാനങ്ങൾക്ക് നേതൃത്ത്വം നൽകുന്നു.




