ബോണ്ടയ് ബീച്ച് വെടിവെപ്പ്: ‘ഞാനല്ല ഷൂട്ടർ’, തെറ്റായ പ്രചാരണത്തെ തുടർന്ന് വധഭീഷണികളിൽ നടുങ്ങി സിഡ്‌നിയിലെ പാക്കിസ്ഥാൻ യുവാവ്

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ നടന്ന വെടിവെപ്പിന് പിന്നിൽ താനാണെന്ന് ആരോപിച്ച് സ്വന്തം ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനെ തുടർന്ന് ജീവൻ അപകടത്തിലായ അവസ്ഥയിലാണ് സിഡ്‌നിയിൽ താമസിക്കുന്ന പാക്കിസ്ഥാൻ പൗരൻ നവീദ് അക്രം. തെറ്റായ പ്രചാരണത്തിന് പിന്നാലെ വധഭീഷണികൾ ലഭിച്ചതായും രാത്രി ഉറങ്ങാൻ പോലും കഴിയാത്ത നിലയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
വധഭീഷണികൾ മൂലം തിങ്കളാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടതായി നവീദ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ച ഭയപ്പെടുത്തുന്ന സന്ദേശങ്ങൾ എല്ലാം തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും, ഇപ്പോൾ കടുത്ത ഭീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്നും നവീദ് വ്യക്തമാക്കി.
പ്രശസ്തമായ ബോണ്ടയ് ബീച്ചിൽ ഞായറാഴ്ച വൈകുന്നേരം നടന്ന ജൂത ഉത്സവത്തിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ ഒരു കുട്ടി ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഓസ്‌ട്രേലിയൻ പബ്ലിക് ബ്രോഡ്കാസ്റ്റർ എബിസി, അക്രമികളിലൊരാൾ പടിഞ്ഞാറൻ സിഡ്‌നിയിലെ ബോണിറിഗിൽ നിന്നുള്ള നവീദ് അക്രം ആണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ, പാക്കിസ്ഥാൻ ക്രിക്കറ്റ് ജേഴ്സി ധരിച്ച ഒരാളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. എന്നാൽ ആ ചിത്രം മറ്റൊരു നവീദ് അക്രമിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്നുള്ളതാണെന്ന് പിന്നീട് വ്യക്തമായി.
തെറ്റായ വിവരം തടയുന്നതിനായി സിഡ്‌നിയിലെ പാക്കിസ്ഥാൻ കോൺസുലേറ്റ് പുറത്തുവിട്ട വിഡിയോയിലൂടെ നവീദ് അക്രം തന്റെ നിരപരാധിത്വം വ്യക്തമാക്കിയിരുന്നു. ‘ഷൂട്ടർമാരിൽ ഒരാളുടെ പേര് നവീദ് അക്രം എന്നാണ്. എന്റെ പേരും അതുതന്നെയാണ്. എന്നാൽ അത് ഞാനല്ല. സംഭവവുമായോ ആ വ്യക്തിയുമായോ എനിക്ക് യാതൊരു ബന്ധവുമില്ല’ എന്ന് ബോണ്ടയ് ബീച്ച് വെടിവെപ്പിനെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
2019ൽ പങ്കുവെച്ച തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്ന അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യണമെന്നും നവീദ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. വെടിവെപ്പുമായി യാതൊരു ബന്ധവുമില്ലാത്ത 30 വയസ്സുകാരനായ നവീദ്, ഞായറാഴ്ച രാത്രി 9.30ഓടെയാണ് തന്റെ ചിത്രം തെറ്റായി പ്രചരിക്കുന്ന വിവരം അറിഞ്ഞത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ കഴിയുന്ന ബന്ധുക്കൾക്കും ഭീഷണിക്കോളുകൾ ലഭിച്ചതോടെയാണ് കോൺസുലേറ്റിനോട് വിഡിയോ പുറത്തിറക്കാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് എന്റെ പ്രതിച്ഛായയെയും എന്റെ കുടുംബത്തിന്റെ പ്രതിച്ഛായയെയും തകർക്കുകയാണ്. ഞാൻ ഈ രാജ്യത്തെ സ്നേഹിക്കുന്നു. ഇതുവരെ എനിക്ക് ഇവിടെ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഈ സംഭവം മാത്രമാണ് എനിക്ക് ഈ ആഘാതത്തിന് കാരണമായത്’ എന്നും നവീദ് പറഞ്ഞു.
2018ൽ സെൻട്രൽ ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ പഠനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ നവീദ് അക്രം, നിലവിൽ സിഡ്‌നിയിൽ കാർ വാടക ബിസിനസ് നടത്തുകയാണ്.




