വൈസ്‌മെൻ ഇൻറർനാഷണലിന് ന്യൂയോർക്കിൽ പുതിയ അധ്യായം: ‘വൈ സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡ്’ ചാർട്ടർ ചെയ്യുന്നു

ഓറഞ്ച്ബെർഗ് (ന്യൂയോർക്ക്): YMCAയുടെ സന്നദ്ധസംഘടനയായ വൈസ്‌മെൻ ഇൻറർനാഷണലിന്റെ പുതിയ ക്ലബ്ബായ ‘വൈ സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡ്’ ചാർട്ടർ ചെയ്യപ്പെടുന്നു. യുഎസ് ഏരിയയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏഴ് റീജിയനുകളിൽ ഉൾപ്പെടുന്ന നോർത്ത് അറ്റ്ലാന്റിക് റീജിയനിലാണ് പുതിയ ക്ലബ്ബ് പ്രവർത്തിക്കുക.
നൂറുവർഷത്തിലേറെയായി സാമൂഹികവും മാനുഷികവുമായ വിഷയങ്ങളിൽ YMCAയ്ക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന സംഘടനയാണ് വൈസ്‌മെൻ ഇൻറർനാഷണൽ. ന്യൂയോർക്കിലെ വിവിധ ക്ലബ്ബുകൾ സമൂഹസേവന രംഗങ്ങളിൽ സജീവമായി ഇടപെടുന്ന സാഹചര്യത്തിൽ, പുതിയ തലമുറയിൽ മാനുഷിക പരിഗണനകൾക്ക് പ്രാധാന്യം നൽകുകയും അവർക്കു മാർഗദർശനമാകുകയും ചെയ്യുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക് പുതിയ ക്ലബ്ബ് ശക്തിയേകുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്.
‘വൈ സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡ്’ ഡിസംബർ 26, 2025-ന് ചാർട്ടർ ചെയ്യപ്പെടും. ഓറഞ്ച്ബെർഗിലെ സിത്താർ പാലസ് റെസ്റ്റോറന്റിൽ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ പോൾ കറുകപ്പള്ളി ക്ലബ്ബ് പ്രസിഡന്റായും, അലക്സ് തോമസ് സെക്രട്ടറിയായും, നോഹ ജോർജ് ട്രഷററായും ചുമതലയേൽക്കും. യുഎസ് ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ഞമലയും നോർത്ത് അറ്റ്ലാന്റിക് റീജിയൻ ഡയറക്ടർ ജോർജ് കെ. ജോണും ചേർന്ന് പുതിയ ഭാരവാഹികൾക്ക് ഔദ്യോഗികമായി ചുമതലകൾ ഏൽപ്പിക്കും.




