അമേരിക്കയുമായി മാത്രം എണ്ണ സഹകരണം; ചൈന–റഷ്യ ബന്ധം വിച്ഛേദിക്കണം: വെനസ്വേലയ്ക്ക് ട്രംപിന്റെ കടുത്ത നിബന്ധനകൾ

വാഷിംഗ്ടൺ: വെനസ്വേലയിലെ എണ്ണ ഉൽപ്പാദന രംഗത്ത് അമേരിക്കയുമായി മാത്രം സഹകരിക്കണമെന്ന കടുത്ത ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടത്തിന് മുന്നിലാണ് ട്രംപ് നിബന്ധനകൾ മുന്നോട്ടുവച്ചത്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കണമെന്നും അവിടങ്ങളിൽ നിന്നുള്ള ഉപദേശകരെയും പ്രതിനിധികളെയും രാജ്യത്തുനിന്ന് പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
എണ്ണ ഉൽപ്പാദനത്തിലും വിൽപ്പനയിലും അമേരിക്കയെ ഏക പങ്കാളിയാക്കണമെന്നും ഹെവി ക്രൂഡ് ഓയിൽ വിൽപ്പനയിൽ യുഎസിന് മുൻഗണന നൽകണമെന്നും ട്രംപ് നിലപാട് വ്യക്തമാക്കി. ഈ നിബന്ധനകൾ വൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വരെ എണ്ണ അമേരിക്കയ്ക്ക് കൈമാറാൻ വെനസ്വേല സമ്മതിച്ചുവെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ എണ്ണവിൽപ്പനയിൽ നിന്നുള്ള വരുമാനം തന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും, അത് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.
ലഹരിമരുന്ന് കടത്ത് തടയുന്നതിനും സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ ഇടക്കാല ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ കൂടുതൽ എണ്ണ ഉൽപ്പാദനത്തിന് അനുമതി നൽകുകയുള്ളുവെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.




