CrimeKeralaLatest NewsNewsPolitics

ശബരിമല സ്വർണക്കവർച്ച: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അന്വേഷണം തുടങ്ങി, പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി : ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് അന്വേഷണം ഔദ്യോഗികമായി ആരംഭിക്കും. ഇതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ക്രിമിനൽ കേസുകളിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് സമാനമായ നടപടിയായ ഇത്, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള ആദ്യഘട്ടമാണ്.

കേസ് രജിസ്റ്റർ ചെയ്യുന്നതോടെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നിയമനടപടികൾക്കും ഇ.ഡി തുടക്കം കുറിക്കും. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. സ്വർണക്കവർച്ചയിലൂടെ ലഭിച്ച പണം എങ്ങനെയാണ് വിനിയോഗിച്ചതെന്നും വിവിധ അക്കൗണ്ടുകളിലൂടെ അത് വെളുപ്പിച്ചിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിലാണ് അന്വേഷണം കേന്ദ്രീകരിക്കുക.

കൊച്ചി അഡി. ഡയറക്ടർ രാകേഷ് കുമാറിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണ സംഘത്തിന്റെ നടപടികൾ. കേസിൽ ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ ശൃംഖല മുഴുവൻ വിശദമായി പരിശോധിച്ച് കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ തിരിച്ചറിയാനും അവ നിയമപരമായി കണ്ടുകെട്ടാനും ഇ.ഡി നീക്കം ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Show More

Related Articles

Back to top button