ആലപ്പോയിൽ വീണ്ടും യുദ്ധച്ചൂട്; സൈന്യവും കുർദിഷ് സേനയും ഏറ്റുമുട്ടി, 45,000 പേർ പലായനം ചെയ്തു

ഡമാസ്കസ് : സിറിയയിലെ വടക്കൻ നഗരമായ ആലപ്പോയിൽ ആഭ്യന്തര യുദ്ധം വീണ്ടും രൂക്ഷമായതോടെ പതിനായിരക്കണക്കിന് ആളുകൾ വീടുവിട്ട് പലായനം ചെയ്യുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള സിറിയൻ സൈന്യവും കുർദിഷ് വിഭാഗത്തിന്റെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സും (എസ്ഡിഎഫ്) തമ്മിലുണ്ടായ ഏറ്റുമുട്ടലുകളാണ് മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
ചൊവ്വാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ ബുധനാഴ്ചയോടെ കൂടുതൽ ശക്തമായി. ഷെല്ലാക്രമണങ്ങളും വെടിവെപ്പും വ്യാപകമായതോടെ സാധാരണ ജനങ്ങൾ ഭീതിയിലായി. ഇതിനകം നാല് സാധാരണക്കാർ കൊല്ലപ്പെട്ടതായും ഇരുപത്തിയഞ്ചിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷിതത്വം തേടി 45,000-ത്തിലധികം ആളുകൾ ആലപ്പോ വിട്ട് വടക്കുപടിഞ്ഞാറൻ മേഖലയിലെ അഫ്രിൻ എൻക്ലേവിലേക്ക് നീങ്ങിയതായി അധികൃതർ അറിയിച്ചു.
സംഘർഷം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ മനുഷ്യാവകാശ സംഘടനകളും രാജ്യാന്തര ഏജൻസികളും ആശങ്ക രേഖപ്പെടുത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാജ്യാന്തര തലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നതായി കുർദിഷ് സേന അറിയിച്ചു. യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഇടപെടാൻ സാധ്യതയുണ്ടെന്നാണ് സൂചന. നിലവിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.




