ഗാസയ്ക്ക് കൈത്താങ്ങായി റാസൽഖൈമ; ദുരിതാശ്വാസ സാമഗ്രികളുമായി ‘സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്’ പുറപ്പെടുന്നു

റാസൽഖൈമ : യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗാസ മുനമ്പിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി റാസൽഖൈമ ഭരണകൂടം ‘സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്’ എന്ന ദുരിതാശ്വാസ കപ്പൽ അയക്കുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ സഖ്ർ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഈ മാനുഷിക ദൗത്യം ആരംഭിക്കുന്നത്.
യുഎഇയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ‘ഓപറേഷൻ ഷിവൽറസ് നൈറ്റ്–3’ എന്ന കാരുണ്യ ദൗത്യത്തിന്റെ ഭാഗമായാണ് കപ്പൽ ഗാസയിലേക്ക് പുറപ്പെടുന്നത്. സഖ്ർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഖ്ർ അൽ ഖാസിമി പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്.

സഹോദര രാജ്യമായ പലസ്തീനിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു സഹായസമാഹാരമാണ് കപ്പലിൽ കയറ്റി അയക്കുന്നത്. സഹായങ്ങൾ വേഗത്തിൽ ഗാസയിലെത്തിക്കുന്നതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ഫൗണ്ടേഷൻ ഏകോപനം നടത്തിവരികയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്റെ ഏത് കോണിലേക്കും സഹായഹസ്തം നീട്ടുന്ന യുഎഇയുടെ മാനുഷിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് റാസൽഖൈമയുടെ ഈ പുതിയ സംരംഭം.




