ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയായ ഫൊക്കാന (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക)യുടെ 22-ാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ 2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ പെന്‍സില്‍വേനിയയിലെ പോക്കനോസ് മൗണ്ടന്‍സിലെ പ്രശസ്തമായ കല്‍ഹാരി റിസോര്‍ട്ടില്‍ നടക്കും. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ ക്ഷണം സ്വീകരിച്ച കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കി.
ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി രാജ് ഭവനിലെത്തി ഗവര്‍ണറെ നേരില്‍ കണ്ട് ക്ഷണിക്കുകയും സംഘടനയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കൂടിക്കാഴ്ചയില്‍ മുന്‍ പ്രസിഡന്റ് മാധവന്‍ ബി. നായര്‍, കേരള കോര്‍ഡിനേറ്റര്‍ സുനില്‍ പാറക്കല്‍ എന്നിവരും പങ്കെടുത്തു.
ഫൊക്കാന മെഡിക്കല്‍ കാര്‍ഡ്, പ്രിവിലേജ് കാര്‍ഡ്, ഹെല്‍ത്ത് ക്ലിനിക്, ‘സ്വിം കേരള സ്വിം’ പദ്ധതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഹൗസിംഗ് പ്രോജക്ട് തുടങ്ങിയ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ഗവര്‍ണറുമായി വിശദമായ ചര്‍ച്ച നടന്നു. ഫൊക്കാനയുടെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെയും കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു. കേരളം, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തില്‍ 106 അംഗ സംഘടനകളില്‍ നിന്നായി ഏകദേശം അയ്യായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍–ഔട്ട്‌ഡോര്‍ വാട്ടര്‍ പാര്‍ക്കുകളില്‍ ഒന്നായ കല്‍ഹാരി റിസോര്‍ട്ടിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വലിയ തിരക്കാണെന്നും റിസോര്‍ട്ടിലെ മുറികള്‍ ഇതിനകം പൂര്‍ണമായും ബുക്ക് ആയതായും ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.
നാലു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ യുവജനോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ, അവാര്‍ഡ് നൈറ്റ്, സ്റ്റേജ് ഷോകള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍, ഫാഷന്‍ ഷോകള്‍, ബിസിനസ് മീറ്റ്, മീഡിയ സെമിനാര്‍, നഴ്‌സസ് സെമിനാര്‍, വിമന്‍സ് ഫോറം പരിപാടികള്‍, സാഹിത്യ പുരസ്‌കാര വിതരണം എന്നിവ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ അരങ്ങേറും. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമ്മേളനങ്ങളിലൊന്നായി ഇത് മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.




