AmericaLatest NewsNewsUAE

ആഗോള ഭക്ഷ്യവ്യാപാരത്തിന്റെ ഹബ്ബായി ദുബായ്; “ഫൂഡ് ഡിസ്ട്രിക്ട്” വൻ നവീകരണത്തിന്.

ദുബായ് : ആഗോള ഭക്ഷ്യവ്യാപാര രംഗത്ത് ദുബായിയെ പ്രധാന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, നിലവിലെ അവീർ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റിനെ ആധുനിക ലോകോത്തര വ്യാപാര കേന്ദ്രമാക്കി മാറ്റുന്ന ‘ദുബായ് ഫൂഡ് ഡിസ്ട്രിക്ട്’ പദ്ധതി ഡിപി വേൾഡ് പ്രഖ്യാപിച്ചു. 2.9 കോടി ചതുരശ്ര അടി വിസ്തീർണത്തിൽ വികസിപ്പിക്കുന്ന ഈ പദ്ധതി, മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യവ്യാപാര കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ.

രാജ്യാന്തര നിലവാരത്തിലുള്ള കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, അത്യാധുനിക ലോജിസ്റ്റിക്സ് ശൃംഖല, പാക്കേജിങ് യൂണിറ്റുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ഈ കേന്ദ്രം, പ്രാദേശികവും ആഗോളതലത്തിലുമുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും വിതരണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിലും നിർണായക പങ്ക് വഹിക്കും. ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉൽപാദകർക്കും വിതരണക്കാർക്കും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, പശ്ചിമേഷ്യൻ വിപണികളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള പ്രധാന പ്ലാറ്റ്‌ഫോമായി ദുബായ് ഫൂഡ് ഡിസ്ട്രിക്ട് മാറുമെന്നും ഡിപി വേൾഡ് അറിയിച്ചു.

പദ്ധതിയുടെ ആദ്യഘട്ടം 2027ൽ പൂർത്തിയാകുന്നതോടെ മാർക്കറ്റിന്റെ നിലവിലെ ശേഷി ഇരട്ടിയാകും. നേരത്തെ ദെയ്റയിലായിരുന്ന പഴം-പച്ചക്കറി മാർക്കറ്റ് 2004ലാണ് അവീറിലേക്ക് മാറ്റിയത്. നിലവിൽ 2500ലേറെ കച്ചവടക്കാർ ഈ മാർക്കറ്റിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ആഗോള വിതരണ ശൃംഖലയും ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതിയായിരിക്കും ദുബായ് ഫൂഡ് ഡിസ്ട്രിക്ട് എന്ന് ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു. ഇതിലൂടെ ഉൽപാദകർക്കും വ്യാപാരികൾക്കും ലോകമെമ്പാടുമുള്ള ഇരുപതിലേറെ പ്രധാന വിപണികളിലേക്ക് അതിവേഗം ഉൽപന്നങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിലും കൂടുതൽ സുരക്ഷിതമായും ഭക്ഷ്യവസ്തുക്കളുടെ കൈമാറ്റം സാധ്യമാക്കാനാകും എന്നും, ആഗോളതലത്തിൽ വർധിച്ചു വരുന്ന ഭക്ഷ്യ ആവശ്യകതയുടെ പശ്ചാത്തലത്തിൽ യുഎഇയുടെ വ്യാവസായിക തന്ത്രങ്ങളെ പിന്തുണയ്ക്കാനും ദീർഘകാല സാമ്പത്തിക വളർച്ച ഉറപ്പാക്കാനും ഈ നിക്ഷേപം സഹായിക്കുമെന്നും ഡിപി വേൾഡ് ജിസിസി സിഇഒ അബ്ദുല്ല ബിൻ ദമിത്തൻ പറഞ്ഞു.

Show More

Related Articles

Back to top button