
കോഴിക്കോട് : ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസതാരം ഒളിംപ്യൻ പി.ടി. ഉഷ എംപിയുടെ ജീവിതത്തിലും കായികദൗത്യങ്ങളിലും അക്ഷീണം പിന്തുണയായി നിന്ന ഭർത്താവും ദേശീയ സർവകലാശാലതല കബഡി താരവുമായ വി. ശ്രീനിവാസൻ (വെങ്ങാലിൽ ശ്രീനിവാസൻ) (67) അപ്രതീക്ഷിതമായി അന്തരിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന്റെ വിയോഗവാർത്ത കോഴിക്കോട് തിക്കോടി പെരുമാൾപുരത്തെ ‘ഉഷസ്’ വീട്ടിൽ നിശ്ശബ്ദത പടർത്തി. വിയോഗമറിഞ്ഞ് കായികതാരങ്ങൾ, രാഷ്ട്രീയ–സാംസ്കാരിക പ്രവർത്തകർ, കായികരംഗത്തെ മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആയിരങ്ങൾ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
1991 ഏപ്രിൽ 25ന് ബന്ധുവുമായ ഉഷയുമായി ശ്രീനിവാസൻ വിവാഹിതനായി. അപ്പർ പ്രൈമറി സ്കൂൾ കാലം മുതൽ ഉഷ പങ്കെടുത്ത ഓരോ മത്സരവും അതിലെ സെക്കൻഡുകൾ വരെ മനഃപാഠമായിരുന്ന അദ്ദേഹം, വിവാഹശേഷവും ഉഷയുടെ കായികജീവിതത്തിലെ ഓരോ നേട്ടത്തിനും പിന്നിലെ നിശ്ശബ്ദശക്തിയായി. വിവാഹത്തിന് ശേഷം പല അത്‌ലറ്റുകളും ട്രാക്ക് ഉപേക്ഷിക്കുന്ന പതിവിനുമപ്പുറം, ഉഷയുടെ കരിയർ പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ അദ്ദേഹത്തിന്റെ പിന്തുണ നിർണായകമായി.
2000ൽ ട്രാക്കിനോട് വിടപറഞ്ഞ് പുതുതലമുറയെ വാർത്തെടുക്കുന്ന അണിയറപ്രവർത്തനങ്ങളിലേക്ക് ഉഷ മാറിയപ്പോഴും, കിനാലൂരിലെ പി.ടി. ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ രൂപീകരണത്തിലും തുടർപ്രവർത്തനങ്ങളിലും ശ്രീനിവാസൻ ജീവവായുവായി. 1999ൽ ആരംഭിച്ച സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മൂന്നു പതിറ്റാണ്ടിലേറെയായി സജീവമായ അദ്ദേഹം ട്രഷററായും സേവനമനുഷ്ഠിച്ചു. ശനിയാഴ്ച മധുരയിലെ സിലക്‌ഷൻ ട്രയൽസിന് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
ഉഷയുടെ സമ്പൂർണ കായികജീവിതം പുതുതലമുറയ്ക്കായി രേഖപ്പെടുത്തുന്ന ഒരു മ്യൂസിയം ഒരുക്കാനുള്ള പ്രവർത്തനങ്ങളിലുമായിരുന്നു അദ്ദേഹം. ഉഷ നേടിയ 103 രാജ്യാന്തര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും മത്സരവിവരങ്ങളോടുകൂടി ‘ഉഷസ്’ വീട്ടിൽ ഒരുക്കുന്ന ഘട്ടത്തിലാണ് വിയോഗം. 1984ലെ ലോസാഞ്ചലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നഷ്ടമായ ചരിത്രം മുതൽ ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ തലമുറയെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ വരെ രേഖപ്പെടുത്തുക എന്നതായിരുന്നു ആ ആശയം.
കോച്ച് ഒ.എം. നമ്പ്യാരെ പോലെ, ഉഷയുടെ കായികജീവിതത്തിൽ എല്ലാ ഘട്ടങ്ങളിലും കരുത്തായി നിന്ന ശ്രീനിവാസന് രാജ്യത്തെ വിവിധ കായികമേഖലകളിലെ പ്രതിഭകളെക്കുറിച്ചും ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ഏകമകൻ ഡോ. വിഘ്നേഷ് വി. ഉജ്വലിനെ കായികശാസ്ത്ര രംഗത്ത് ഉയരങ്ങളിലേക്ക് നയിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായി. എംബിബിഎസിന് ശേഷം രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ സ്പോർട്സ് മെഡിസിൻ ഡിപ്ലോമ ഡിസ്റ്റിങ്ക്ഷനോടെ നേടിയ ഉജ്വലിന്റെ മികവ് ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിനും വലിയ ശക്തിയാകുമെന്ന പ്രതീക്ഷ ശ്രീനിവാസൻ അടുപ്പക്കാരോട് പങ്കിട്ടുവന്നിരുന്നു.
ഉഷസിന്റെ തണലായി, ഇന്ത്യൻ അത്‌ലറ്റിക്സിന്റെ നിശ്ശബ്ദ ശിൽപ്പിയായി ജീവിച്ച ശ്രീനിവാസന്റെ വേർപാട് കായികലോകത്തിന് തീരാനഷ്ടമായി.




