ആഹ്ലാദം അലതല്ലി; ജിയാമോൾക്ക് വീടൊരുങ്ങി.

വൈപ്പിൻ : കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ തെക്കൻ മാലിപ്പുറത്തെ ജിയാമോൾക്ക് വീടൊരുങ്ങി. താക്കോൽ കൈമാറ്റ ചടങ്ങ് നാട്ടുകാർ തികഞ്ഞ ആഹ്ലാദത്തോടെ വരവേറ്റു.
ചലന ശേഷിയും സംസാരിക്കാൻ പോലും കഴിവുമില്ലാത്ത 28 കാരി ജിയാമോൾ കാൽ നൂറ്റാണ്ടിലേറെയായി സ്വന്തം വീടോ സ്ഥലമോ ഇല്ലാത്ത സ്ഥിതിയിലായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ രക്ഷകനായി രംഗത്തെത്തുന്നത്. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന പിതാവ് കണ്ണന്തറ നെൽസണിൻ്റെ വേർപാട് കുടുംബഞെ തീർത്തും അനാഥമാക്കി.
അതോടെ ജിയയുടെ ചികിത്സ പോലും മുടങ്ങുന്ന നിലവന്നു.
ഏഴു മാസം കൊണ്ട് വീടിനു സ്ഥലം ലഭ്യമാക്കാൻ സാമ്പത്തിക പിന്തുണ നൽകിയത് റോട്ടറി കെ ചിറ്റിലപ്പിള്ളി പാർപ്പിടം പ്രോജക്ടും മറ്റ് ഉദാരമതികളും
ആണ്. ഭവന നിർമ്മാണത്തിനു സാമ്പത്തിക സഹായം 24 ന്യൂസിൻ്റെ നേതൃത്വത്തിൽ സാജ് ഗ്രൂപ്പും നിർവ്വഹിച്ചു.
താക്കോൽ കൈമാറ്റ ചടങ്ങിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ഏതൊരു മനുഷ്യൻ്റെയും സ്വപ്നമായ വീട് ജിയാ മോൾക്കും സാധ്യമായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നു എംഎൽഎ. സ്ഥലം വാങ്ങൽ, വീടുനിർമാണവുമായി സഹകരിച്ച എല്ലാവരേയും അദ്ദേഹം നന്ദി അറിയിച്ചു.
മാധ്യമ പ്രവർത്തകൻ
ആർ ശ്രീകണ്ഠൻ നായർ, സാജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാജൻ വർഗീസ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സെൻട്രൽ പ്രസിഡൻ്റ് ജോസഫ് അലക്സ്, മാധ്യമ പ്രവർത്തകൻ പി പി ജെയിംസ്, എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബെർണാർഡ് ബെന്നി, ബ്ലോക്ക് അംഗങ്ങളായ ബീത കോളിൻസ്, സാബു എ എ, പഞ്ചായത്ത് അംഗങ്ങളായ സൗമ്യ രാജേഷ്, സാബു എ എ, ഷിബു കോമരപ്പിള്ളി, സാമൂഹൃ പ്രവർത്തകരായ എം പി പ്രശോഭ്, വൈപ്പിൻ ജോണി,വീടു നിർമ്മാണത്തിൽ ഏകോപനം നിർവ്വഹിച്ച അംബിക ഉണ്ണിക്കൃഷ്ണൻ, റസിഡൻ്റ്സ് അസോസിയേഷൻ അപ്പക്സ് ബോഡി ജനറൽ സെക്രട്ടറി അനിൽ പ്ലാവിൻസ്, റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഹെൻസൻ ജോസഫ്, ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ആൽബി കളരിക്കൽ എന്നിവർ സംസാരിച്ചു.
സാജൻ വർഗീസും ആർ ശ്രീകണ്ഠൻ നായരും ചേർന്ന് താക്കോൽ ജിയ മോളുടെ കൈകളിൽ ഏൽപിച്ചു.




