AmericaAssociationsKeralaLatest NewsNewsWMC

പിന്നോക്ക വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വേൾഡ് മലയാളി കൗൺസിൽ; ‘ആർദ്രം–2026’ സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം.

തിരുവനന്തപുരം : സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പിന്നാക്ക പശ്ചാത്തലത്തിലുള്ള നഴ്സിംഗ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന ‘ആർദ്രം–2026’ സ്കോളർഷിപ്പ് പദ്ധതിക്ക് വേൾഡ് മലയാളി കൗൺസിൽ തുടക്കം കുറിച്ചു. ഒരു കോടി രൂപ ചെലവിൽ 100 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതായി ഡബ്ല്യുഎംസിയുടെ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. കേരളത്തോടുള്ള ആത്മബന്ധവും ഭാവിയോടുള്ള ഉത്തരവാദിത്തവും മുന്നിൽ കണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ആദ്യഘട്ടമായി 25 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത് ഫെബ്രുവരി 25-ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടക്കും. സാമൂഹികമായി പിന്നാക്ക സാഹചര്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനച്ചെലവിനുള്ള വലിയ ആശ്വാസമാകും ഈ സഹായമെന്നാണ് സംഘാടകർ പറയുന്നത്. “പ്രാർത്ഥിക്കുന്ന അധരങ്ങളേക്കാൾ വിശുദ്ധമാണ് സഹായിക്കുന്ന കൈകൾ” എന്ന സന്ദേശമാണ് പരിപാടി ഉയർത്തിപ്പിടിക്കുന്നത്.

വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ പ്രാദേശിക വിഭാഗങ്ങളും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡബ്ല്യുഎംസിയുടെ ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് അജോയ് കള്ളങ്കുന്നിൽ, അമേരിക്ക റീജിയൻ പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിൽ, യൂറോപ്പ് റീജിയൻ പ്രസിഡന്റ് റോബിൻ ജോസ്, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് സുധീർ സുബ്രഹ്മണ്യം, ഇന്ത്യ റീജിയൻ പ്രസിഡന്റ് പത്മകുമാർ പി എന്നിവർ പരിപാടിയുമായി സഹകരിക്കുന്നു.

സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി കൗൺസിൽ, വിദ്യാഭ്യാസ സഹായ പദ്ധതികളിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് ഭാവിയിലേക്കുള്ള ആത്മവിശ്വാസം നൽകുകയാണ് ലക്ഷ്യമിടുന്നത്. ‘ആർദ്രം–2026’ പദ്ധതിയിലൂടെ സമൂഹത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് പുതുവഴികൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Show More

Related Articles

Back to top button