ന്യൂയോർക്കിലെ ബൂൺവില്ലിൽ പള്ളിയിൽ സ്ഫോടനം; പാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്, വാതക ചോർച്ച സംശയം.

ന്യൂയോർക്ക് : ബൂൺവില്ല പ്രദേശത്തെ ആബുൻഡാന്റ് ലൈഫ് ഫെല്ലോഷിപ്പ് പള്ളിയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ പാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. പള്ളിയിലെ പാസ്റ്റർ ബ്രാൻഡൻ പിറ്റ്സിനും സ്ഥലത്തെത്തിയ നാല് അഗ്നിശമന സേനാംഗങ്ങൾക്കുമാണ് പരുക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് അധികൃതർ അറിയിച്ചു.
പ്രാഥമിക നിഗമനപ്രകാരം വാതക ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. പള്ളി ചൂടാക്കാൻ ഉപയോഗിച്ചിരുന്ന പ്രൊപ്പെയ്ൻ സിലിണ്ടറുകളിൽ നിന്നാകാം വാതകം ചോർന്നതെന്ന് അന്വേഷണസംഘം കരുതുന്നു. പള്ളിയുടെ ബേസ്മെന്റിലുണ്ടായിരുന്ന ഫർണസ് പ്രവർത്തിച്ച സമയത്താണ് ചോർന്ന വാതകത്തിലേക്ക് തീ പടർന്നതും തുടർന്ന് സ്ഫോടനം ഉണ്ടായതുമെന്നാണ് വിവരം.
സ്ഫോടനത്തിന് തൊട്ടുമുമ്പ് പള്ളിക്കുള്ളിൽ ശക്തമായ വാതക ഗന്ധം അനുഭവപ്പെട്ടതായി ദൃക്സാക്ഷികൾ മൊഴി നൽകി. ഇതിനെത്തുടർന്ന് പരിശോധനയ്ക്കായി അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
സ്ഫോടനത്തിൽ പള്ളി കെട്ടിടം പൂർണ്ണമായും തകർന്നു. സമീപ പ്രദേശങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ പശ്ചാത്തലമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ന്യൂ യോർക്ക് സ്റ്റേറ്റ് പോലീസ് അറിയിച്ചു.




