ട്രംപിന്റെ മാർ-എ-ലാഗോ വസതിയിലേക്ക് ആയുധധാരിയുടെ അതിക്രമണം; സീക്രട്ട് സർവീസ് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു.

പാം ബീച്ച് (ഫ്ലോറിഡ) : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്ന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ-എ-ലാഗോ വസതിയിലേക്ക് അതിവേഗത്തിൽ കാറോടിച്ചു കയറിയ ആയുധധാരി സീക്രട്ട് സർവീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. നോർത്ത് കരോലിന സ്വദേശിയായ 21കാരൻ ഓസ്റ്റിൻ ടക്കർ മാർട്ടിനാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
വസതിയിൽ നിന്ന് മറ്റൊരു വാഹനം പുറത്തേക്ക് പോകുന്നതിനിടെ ലഭിച്ച ചെറിയ ഇടവേള പ്രയോജനപ്പെടുത്തി മാർട്ടിൻ തന്റെ കാർ വടക്കേ കവാടത്തിലൂടെ അകത്തേക്ക് ഓടിച്ചുകയറ്റിയതായി അധികൃതർ അറിയിച്ചു. അതീവ സുരക്ഷാ മേഖലയായതിനാൽ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ വാഹനം വളഞ്ഞു.
കൈവശമുണ്ടായിരുന്ന പെട്രോൾ കാൻ താഴെ വെച്ച ശേഷം ഷോട്ട്ഗൺ എടുത്ത് ഉദ്യോഗസ്ഥർക്കെതിരെ ചൂണ്ടിയതോടെയാണ് ഏജന്റുമാർ വെടിയുതിർക്കിയത്. ഗുരുതരമായി പരുക്കേറ്റ മാർട്ടിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.
വസതിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ട നിമിഷം തന്നെ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തിയെന്നും വെടിവെപ്പല്ലാതെ മറ്റ് മാർഗങ്ങളൊന്നും അവർക്കുമുന്നിൽ ഉണ്ടായിരുന്നില്ലെന്നും പാം ബീച്ച് ഷെരീഫ് റിക് ബ്രാഡ്‌ഷോ അറിയിച്ചു.
സംഭവസമയത്ത് പ്രസിഡന്റ് ട്രംപോ കുടുംബാംഗങ്ങളോ മാർ-എ-ലാഗോ വസതിയിൽ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.




