IndiaLatest NewsNewsObituary

പരിശീലന പറക്കലിനിടെ സുഖോയ് യുദ്ധവിമാനം തകർന്നു; രണ്ട് ഇന്ത്യൻ പൈലറ്റുമാർക്ക് വീരമൃത്യു.

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു സംഭവിച്ചു. സ്ക്വാഡ്രൻ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. അസമിലെ ജോർഹട്ട് നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കുന്നിൻപ്രദേശത്താണ് വിമാനം തകർന്നുവീണത്.

വ്യാഴാഴ്ച രാത്രി 7.42ഓടെയാണ് പരിശീലന പറക്കലിനിടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. തുടർന്ന് വ്യോമസേനയും പ്രാദേശിക ഭരണകൂടവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വിമാനം തകർന്നുവീണതായി സ്ഥിരീകരിച്ചത്. അപകടസ്ഥലത്തോട് ചേർന്ന പ്രദേശങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായി ഗ്രാമവാസികൾ ആദ്യം അറിയിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ കുന്നിൻപ്രദേശങ്ങളിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തകർന്നുവീണ വിമാനത്തിന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും അവയുടെ യാഥാർത്ഥ്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

റഷ്യൻ നിർമ്മിതമായ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ ഇപ്പോൾ ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് നിർമ്മിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ സേവനത്തിൽ 260-ലധികം സുഖോയ്-30 എംകെഐ വിമാനങ്ങളുണ്ട്. ഇതിനുമുമ്പ് 2024 ജൂണിലും 2023 ജനുവരിയിലും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Show More

Related Articles

Back to top button