യുഎഇയിൽ കനത്ത മഴയിലും ഇടിയിലും വ്യാപക നാശം; റോഡുകൾ വെള്ളത്തിലായി, ഗതാഗതം മന്ദഗതിയിൽ.

അബുദാബി/ദുബായ്/ഷാർജ ∙ യുഎഇയിൽ ശക്തമായ ഇടിയും മഴയും ആലിപ്പഴ വർഷവുമൊപ്പമുള്ള മോശം കാലാവസ്ഥ തുടരുന്നു. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച മഴ 27 വരെ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

വ്യാപകമായ വെള്ളക്കെട്ട് മൂലം പ്രധാന റോഡുകളിൽ ഗതാഗതം മന്ദഗതിയിലായി. ഷെയ്ഖ് സായിദ് റോഡ്, ഇ-311 എന്നിവിടങ്ങളിൽ വാഹനങ്ങൾ നീണ്ട നിരയായി കുടുങ്ങി, പലർക്കും ലക്ഷ്യസ്ഥാനത്തെത്താൻ മണിക്കൂറുകൾ എടുത്തു. നഗരസഭ അധികൃതർ പമ്പുകൾ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നു. മുൻകാല പ്രളയാനുഭവങ്ങളെ മുൻനിർത്തി ചില സ്വകാര്യ സ്ഥാപനങ്ങൾ മുൻകരുതലായി അടച്ചുപൂട്ടുകയും നിരവധി കമ്പനികൾ ജീവനക്കാരോട് റിമോട്ട് വർക്ക് നിർദേശിക്കുകയും ചെയ്തു.
ഫുജൈറയും റാസൽഖൈമയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വാദികൾ നിറഞ്ഞൊഴുകി. ചില ഇടങ്ങളിൽ ആലിപ്പഴമഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. കാറ്റിൽ മരങ്ങൾ കടപുഴകി റോഡുകളിൽ വീണ് ഗതാഗത തടസ്സവും നാശനഷ്ടങ്ങളും ഉണ്ടാക്കി. ചില കെട്ടിടങ്ങളുടെ പുറംഭാഗങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഫുജൈറയിലെ വാദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാഹനങ്ങൾ ഒഴുക്കിൽപ്പെടാനുള്ള അപകടസാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും, ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുമ്പോൾ വേഗം കുറയ്ക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. വെള്ളക്കെട്ട് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറിനിൽക്കാനും നിർദേശം നൽകിയിട്ടുണ്ട്. മലയോര പ്രദേശങ്ങളോട് ചേർന്ന് താമസിക്കുന്ന ചില കുടുംബങ്ങളെ സുരക്ഷാ മുൻകരുതലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.




