വൈറ്റില മേൽപാലത്തിന് താഴെ നവജീവൻ: ജനങ്ങൾക്ക് ഉപയോഗപ്രദമായ മൾട്ടി-സ്പേസ് പദ്ധതിയുമായി കോർപറേഷൻ.

കൊച്ചി : നഗരത്തിന്റെ ഹൃദയഭാഗമായ വൈറ്റില മേൽപാലത്തിന് താഴെ ഉപയോഗിക്കാതെ കിടക്കുന്ന വിശാലമായ സ്ഥലം ജനങ്ങൾക്ക് പ്രയോജനകരമാക്കാനുള്ള പദ്ധതിയുമായി തദ്ദേശ വകുപ്പും കോർപറേഷനും മുന്നോട്ട്. സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്ന ഈ പ്രദേശത്തെ സുരക്ഷിതവും സജീവവുമായ പൊതുസ്ഥലമായി മാറ്റുകയാണ് ലക്ഷ്യം.
വൈറ്റില പ്രാദേശിക വികസന പദ്ധതിയുടെ (ലോക്കൽ ഏരിയ പ്ലാൻ– ലാപ്) കരടിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് ഗസറ്റിൽ വിജ്ഞാപനം ചെയ്തതോടെ, നിലവിലുള്ള ഭൂമിയെ കൂടുതൽ സൃഷ്ടിപരമായും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായും വിനിയോഗിക്കാനുള്ള പദ്ധതികൾക്ക് വഴിതെളിഞ്ഞു.
മേൽപാലത്തിന് താഴെ വലിയ വിസ്തൃതിയുള്ള സ്ഥലം ഉണ്ടായിട്ടും ഇപ്പോൾ അത് ഉപയോഗശൂന്യമായി കിടക്കുകയാണ്. മഴയും വെയിലും ഒഴിവാക്കാനാകുന്നതും ആളൊഴിഞ്ഞ അന്തരീക്ഷവുമുള്ളതിനാൽ പല ഭാഗങ്ങളും സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, പ്രദേശത്തിന്റെ സൗന്ദര്യവും സുരക്ഷയും വർധിപ്പിക്കുന്ന തരത്തിലുള്ള സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മേൽപാലത്തിന്റെ തൂണുകളിൽ വെർട്ടിക്കൽ ഗാർഡനുകളും പ്ലാന്റർ ബോക്സുകളും സ്ഥാപിച്ച് ഹരിതവൽക്കരണം നടത്താനും, ചുമരുകളിൽ പ്രാദേശിക സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന ഗ്രാഫിറ്റികളും ചുമർചിത്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. കൂടാതെ, കുട്ടികൾക്കായുള്ള കളിസ്ഥലം, ചെറുകൂട്ടായ്മകൾക്കുള്ള ഇടങ്ങൾ, ഓപ്പൺ ആർട്ട് ഗാലറി, പ്രദർശന കേന്ദ്രങ്ങൾ, സ്കേറ്റിംഗ് യാർഡ്, ഗെയിമിംഗ് ഏരിയ, ചെറിയ കച്ചവട കേന്ദ്രങ്ങൾ എന്നിവയും ഇവിടെ സജ്ജമാക്കാനാണ് നിർദേശം.
നഗരത്തിന്റെ മധ്യഭാഗത്തുള്ള ഈ വിലമതിക്കാനാവാത്ത സ്ഥലത്തെ സജീവമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുകയും നഗരസൗന്ദര്യം ഉയർത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.




