വോട്ടിംഗ് മെഷീനിൽ ചിത്രവ്യത്യാസം: ആറന്മുളയിൽ പരാതിയുമായി യുഡിഎഫ്.

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ മല്ലപ്പുഴശേരി ബൂത്തിൽ വോട്ടിംഗ് മെഷീനിൽ ചിത്രപ്രദർശനവുമായി ബന്ധപ്പെട്ട് വിവാദം. എൽഡിഎഫ് സ്ഥാനാർത്ഥിയായ വീണ ജോർജിന്റെ ചിത്രത്തിന് മാത്രമാണ് വ്യക്തമായ തെളിച്ചമുണ്ടായിരുന്നതെന്നും മറ്റു സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ വ്യക്തമല്ലെന്നുമാണ് യുഡിഎഫ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് യുഡിഎഫ് ഔദ്യോഗികമായി പരാതി നൽകി. വിഷയത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
ഇതിനിടെ പത്തനംതിട്ട ജില്ലയിൽ രാവിലെ വരെ ഏകദേശം 21 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ ആറന്മുളയിൽ വിജയം നേടുമെന്ന ആത്മവിശ്വാസം വീണാ ജോർജ് പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് ആരംഭിച്ചതു മുതൽ തന്നെ തനിക്കെതിരെ അപവാദപ്രചാരണങ്ങൾ നടക്കുകയാണെന്നും, മണ്ഡലത്തിൽ പോളിംഗ് ശതമാനം കൂടുതൽ ഉയരുമെന്നും അവർ പറഞ്ഞു.
സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു ദൃശ്യം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പാണക്കാട് തങ്ങൾ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
അതേസമയം, ചില സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറുകൾ മൂലം പോളിംഗ് താൽക്കാലികമായി തടസപ്പെട്ടു. നെടുമങ്ങാട് ബ്ലോക്ക് ഓഫീസ് ബൂത്തിൽ യന്ത്ര തകരാറിനെ തുടർന്ന് ഏകദേശം ഒരു മണിക്കൂർ പോളിംഗ് നിർത്തിവെക്കേണ്ടിവന്നു.




