KeralaLatest NewsNewsPolitics

വനിതാ നേതാവിനെതിരെ ഭീഷണി ആരോപണം; ശോഭ സുരേന്ദ്രന്‍ വിവാദത്തില്‍.

പാലക്കാട് : പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ശോഭ സുരേന്ദ്രന്‍ ആലപ്പുഴയിലെ വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പുതിയ വിവാദം ഉയർന്നു. ആലപ്പുഴ നോര്‍ത്ത് ജില്ല വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെയാണ് ഫോണ്‍ കോളിലൂടെ ഭീഷണിപ്പെടുത്തിയതെന്ന് ആരോപണം. “അടിച്ച് പണിക്കുറ്റം തീര്‍ക്കും” എന്ന രീതിയിലുള്ള ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.

പാലക്കാട് വോട്ടിന് പണം നല്‍കിയ സ്ത്രീയുടെ പിന്നില്‍ ബിന്ദുവാണെന്നാരോപിച്ച് ശോഭ സുരേന്ദ്രന്‍ ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ഭീഷണിയും അധിക്ഷേപവും നടത്തിയതെന്നാണ് പുറത്തുവന്ന ഓഡിയോയില്‍ കേള്‍ക്കുന്നത്. നിങ്ങള്‍ ബിജെപി പ്രവര്‍ത്തകയല്ലേ എന്ന ചോദ്യം ചോദിച്ചാണ് സംഭാഷണം ആരംഭിച്ചതെന്നും, തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന് പരാതി നല്‍കുമെന്നും കോടതിയില്‍ എത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പൂന്തുറ ശ്രീകുമാറുമായി ബന്ധപ്പെടുത്തുന്നതെന്തിനാണെന്നും ചോദ്യം ചെയ്ത ശോഭ, സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചതായും ആരോപിക്കുന്നു.

ഇതിനിടെ, ബിന്ദു വിനയകുമാര്‍ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിച്ചു. വിഷയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കേണ്ടത് സ്ഥാനാര്‍ഥിയുടെ ഉത്തരവാദിത്വമാണെന്നും അവര്‍ പ്രതികരിച്ചു. കൂടാതെ, ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും തന്നെക്കും ഭര്‍ത്താവിനും അപകടഭീഷണി ഉണ്ടാക്കിയതായും ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയതായി അവര്‍ അറിയിച്ചു. കോള്‍ റെക്കോര്‍ഡും ഉള്‍പ്പെടെ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം, പാലക്കാട് വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ശോഭ സുരേന്ദ്രന്റെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും ഈ വിവാദത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘടനാ വിഭജനങ്ങളും ചേരിതിരിവുകളും നിലവിലെ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കിയതായി സൂചനയുണ്ട്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിനെ തുടര്‍ന്നാണ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ ഉണ്ടായതെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.

Show More

Related Articles

Back to top button