ഹിൽട്ടൻ ഹോട്ടലിൽ വെടിവയ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ട്രംപ്, ‘ട്രേ വീണ ശബ്ദമെന്നു കരുതി’ എന്ന് വെളിപ്പെടുത്തൽ.

വാഷിങ്ടൺ : വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വേദിയിൽ ഇരിക്കുമ്പോൾ കേട്ട ശബ്ദം ആദ്യം വെടിയൊച്ചയാണെന്ന് തനിക്ക് മനസ്സിലായില്ലെന്നും ട്രേ താഴെ വീണ് മറിഞ്ഞുണ്ടായ ശബ്ദമാണെന്നാണ് കരുതിയതെന്നും പിന്നീട് ട്രംപ് വെളിപ്പെടുത്തി.
സംഭവസമയത്ത് ട്രംപിന്റെ അടുത്തിരുന്നത് സിബിഎസ് ന്യൂസിലെ വെയ്ജിയ ജിയാങായിരുന്നു. വെടിയൊച്ച തിരിച്ചറിഞ്ഞ അവർ ഭയന്ന് നിലവിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന വിഡിയോയിൽ കാണാമെങ്കിലും ട്രംപ് ശാന്തനായി ഇരിക്കുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം രാത്രി വൈറ്റ് ഹൗസിൽ വിളിച്ചുകൂട്ടിയ മാധ്യമസമ്മേളനത്തിലാണ് സംഭവത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.
വെടിവയ്പ് നടന്നതായി പലർക്കും ഉടൻ മനസ്സിലായിരുന്നുവെന്നും താൻ കുറച്ചുകൂടി വേഗത്തിൽ വേദി വിടേണ്ടിയിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഭാര്യ മെലനിയ ട്രംപ് ആദ്യം മുതൽ ജാഗ്രത പുലർത്തിയിരുന്നുവെന്നും “ആ ശബ്ദം സാധാരണമല്ല” എന്ന് അവർ പറഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു.
മാധ്യമസമ്മേളനത്തിൽ ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാൻച് എന്നിവരും ഉണ്ടായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലെവിറ്റ് തുടങ്ങിയവരും മുറിയിൽ സന്നിഹിതരായിരുന്നു.
അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ട്രംപ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും പുറത്തെ വേദികളെ ആശ്രയിക്കാതെ വൈറ്റ് ഹൗസിൽ തന്നെ വലിയ ബോൾറൂം നിർമിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉയർത്തിക്കാട്ടുകയും ചെയ്തു. ട്രംപ് ഭരണകൂടം ആരംഭിച്ച ബോൾറൂം പദ്ധതി നിലവിൽ നിയമപരമായ തടസ്സങ്ങൾ നേരിടുന്നുണ്ട്.
വെടിവയ്പ് കാരണം തടസ്സപ്പെട്ട അത്താഴവിരുന്ന് റദ്ദാക്കേണ്ടതില്ലെന്നും അടുത്ത 30 ദിവസത്തിനുള്ളിൽ വീണ്ടും നടത്താമെന്നും ട്രംപ് നിർദേശിച്ചു. പ്രസിഡന്റായിരിക്കെ ട്രംപ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത് ഇതാദ്യമായിരുന്നു.
സംഭവത്തെ തുടർന്ന് ലോകനേതാക്കൾ അപലപനവുമായി രംഗത്തെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി, മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം എന്നിവർ ട്രംപ് സുരക്ഷിതനായതിൽ ആശ്വാസം രേഖപ്പെടുത്തി. ജനാധിപത്യ സംവിധാനത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് മോദി എക്സിൽ കുറിച്ചു.
ട്രംപിനെ ലക്ഷ്യമിട്ട് ഇതിനു മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 ജൂലൈയിൽ പെൻസിൽവേനിയയിലെ ബട്‌ലറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവയ്പ് നടന്നപ്പോൾ ഒരു വെടിയുണ്ട ട്രംപിന്റെ വലതുചെവിയെ തൊട്ടുപോയിരുന്നു. അക്രമി തോമസ് ക്രൂക്സിനെ സുരക്ഷാസേന വധിച്ചു. തുടർന്ന് 2024 സെപ്റ്റംബറിൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിന് സമീപം ട്രംപിനെ കാത്ത് തോക്കുമായി ഒളിച്ചിരുന്ന മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.




