IndiaKeralaLatest NewsNews

ഡോണിയർ വിമാനം ഹൃദയം കൊണ്ടുവന്ന ജീവിതം; ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ മാത്യു അച്ചാടൻ അന്തരിച്ചു.

തൃശൂർ: കേരളത്തിൽ ആദ്യമായി വിമാനമാർഗം ഹൃദയം എത്തിച്ച് വിജയകരമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ വ്യക്തിയായ ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ (57) അന്തരിച്ചു. 2015 ജൂലൈ 24-നാണ് തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ നിന്ന് ഹൃദയം എത്തിച്ച് കൊച്ചി ലിസി ആശുപത്രിയിൽ അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് പത്ത് വർഷത്തിലേറെ പുതുജീവിതം നയിച്ച മാത്യുവിന്റെ വിയോഗം ഹൃദയദാന ചരിത്രത്തിലെ ഒരു അധ്യായത്തിന് വിരാമമായി.

ഓട്ടോഡ്രൈവറായും ചുമട്ടുതൊഴിലാളിയായും ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന മാത്യുവിന് ഗുരുതര ഹൃദയ അസുഖത്തെ തുടർന്നാണ് അടിയന്തരമായി ഹൃദയമാറ്റ ശസ്ത്രക്രിയ ആവശ്യമായത്. അതേസമയം, തിരുവനന്തപുരം പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ ആദ്യത്തെ അതിവേഗ ഹൃദയ കൈമാറ്റ ദൗത്യത്തിന് തുടക്കമായത്.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഏകദേശം 210 കിലോമീറ്റർ ദൂരം അഞ്ച് മണിക്കൂറിനുള്ളിൽ മറികടന്ന് ഹൃദയം എത്തിക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. റോഡ് മാർഗം സമയപരിധിക്കുള്ളിൽ ഇത് സാധ്യമല്ലെന്ന് കണ്ടതോടെ വിമാന മാർഗം ഉപയോഗിക്കാൻ തീരുമാനിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് നാവികസേനയുടെ ഡോണിയർ വിമാനം സജ്ജമാക്കി സർക്കാർ അടിയന്തര അനുമതി നൽകി.

2015 ജൂലൈ 24-ന് ഉച്ചയ്ക്ക് 2.20-ന് കൊച്ചിയിൽ നിന്ന് ഡോക്ടർമാരുമായി വിമാനം തിരുവനന്തപുരത്തെത്തി. പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഡോക്ടർമാരെ ആശുപത്രിയിലെത്തിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. വൈകിട്ട് 6.20-ന് ഹൃദയം പുറത്തെടുത്ത ശേഷം 6.51-ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചു. 7.35-ന് കൊച്ചിയിലെത്തി. തുടർന്ന് ലിസി ആശുപത്രിയിൽ മാത്യുവിന് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന നീലകണ്ഠശർമയുടെ ജീവൻ രക്ഷിക്കാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ഭാര്യ ലതയും മക്കളായ സുബ്രമണ്യ ശർമയും ഗൗതം ശർമയും അവയവദാനത്തിന് സമ്മതം നൽകിയത്. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലെ രോഗിപ്പട്ടികയിൽ നിന്നാണ് മാത്യുവിനെ തെരഞ്ഞെടുത്തത്. ഇരുവരുടെയും രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആയിരുന്നതും ശസ്ത്രക്രിയയ്ക്ക് അനുകൂലമായി.

നാവികസേനയുടെ കരുത്തുറ്റ നിരീക്ഷണ വിമാനമായ ഡോണിയർ 228 ഈ ദൗത്യത്തിനായി പ്രത്യേകമായി സജ്ജമാക്കിയിരുന്നു. ഡോക്ടർമാർക്കും സംഘാംഗങ്ങൾക്കും യാത്ര ചെയ്യാൻ പ്രത്യേക സീറ്റുകളും ഒരുക്കി. മലയാളിയായ കമാൻഡർ എസ്. ഗോപിനാഥും സബ് ലഫ്റ്റനന്റ് രക്ഷിത് കപൂറും ചേർന്നാണ് വിമാനം നിയന്ത്രിച്ചത്.

അവയവദാന ബോധവത്കരണത്തിനും അടിയന്തര വൈദ്യസേവന രംഗത്തും മാതൃകയായ ഈ ദൗത്യത്തിലൂടെ മാത്യു അച്ചാടൻ പത്ത് വർഷത്തിലേറെ ജീവിതം തിരികെ നേടി. ഭാര്യ ബിന്ദു. മക്കൾ: അമൽ, അന്ന.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button