പത്ത് വർഷത്തെ ഇടത് ഭരണത്തിന് വിരാമമോ? കേരളത്തിൽ യുഡിഎഫ് മുന്നേറ്റമെന്ന് എക്സിറ്റ് പോൾ സൂചനകൾ.

തിരുവനന്തപുരം : കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിനെ തുടർന്ന് പുറത്തുവന്ന വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടതായി സൂചിപ്പിക്കുന്നു. പത്ത് വർഷമായി പ്രതിപക്ഷ നിരയിലിരുന്ന യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക് മടങ്ങിയെത്താമെന്നാണ് പല സർവേകളും പ്രവചിക്കുന്നത്. അതേസമയം ഭരണതുടർച്ച പ്രതീക്ഷിക്കുന്ന എൽഡിഎഫ് ശക്തമായ മത്സരം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും മുൻതൂക്കം നഷ്ടപ്പെട്ടിരിക്കാമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.

പീപ്പിൾസ് പൾസ് സർവേ പ്രകാരം യുഡിഎഫിന് 75 മുതൽ 85 വരെ സീറ്റുകൾ ലഭിക്കാമെന്നാണ് കണക്കുകൂട്ടൽ. എൽഡിഎഫിന് 55 മുതൽ 65 വരെ സീറ്റുകളും എൻഡിഎയ്ക്ക് പരമാവധി മൂന്ന് സീറ്റുകളും ലഭിക്കാമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി അധികാരത്തിലെത്തിയ എൽഡിഎഫിന് ഇത്തവണ ആ മേൽക്കൈ നിലനിർത്താൻ പ്രയാസമുണ്ടാകാമെന്ന സൂചനയും ഇതിലുണ്ട്.
ന്യൂസ് 18 വോട്ട് വൈബ് എക്സിറ്റ് പോൾ പ്രകാരം യുഡിഎഫിന് 70 മുതൽ 80 വരെ സീറ്റുകൾ ലഭിക്കാമെന്നാണ് പ്രവചനം. എൽഡിഎഫിന് 58 മുതൽ 68 വരെ സീറ്റുകളും എൻഡിഎയ്ക്ക് നാല് സീറ്റുകൾ വരെ നേടാനാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ഇക്കുറി കടുത്ത പോരാട്ടമാണ് നടന്നതെന്നും അന്തിമഫലം അതീവ നിർണായകമാകുമെന്നും സർവേ വിലയിരുത്തുന്നു.
ആക്സിസ് മൈ ഇന്ത്യ നടത്തിയ സർവേയും യുഡിഎഫിന് വ്യക്തമായ മുൻതൂക്കം നൽകുന്നു. ഈ സർവേ പ്രകാരം യുഡിഎഫിന് 78 മുതൽ 90 വരെ സീറ്റുകൾ വരെ നേടാനാകുമെന്നാണ് പ്രവചനം. എൽഡിഎഫിന് 49 മുതൽ 62 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് സീറ്റുകൾ വരെ ലഭിക്കാമെന്നാണു കണക്ക്.
മാട്രിസ് എക്സിറ്റ് പോൾ പ്രകാരം യുഡിഎഫ് 75 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്. എൽഡിഎഫിന് 65 സീറ്റുകൾ വരെ ലഭിക്കാമെന്നും എൻഡിഎ അഞ്ച് സീറ്റുകൾ വരെ നേടാമെന്നുമാണ് വിലയിരുത്തൽ. ടൈംസ് നൗയും എൻഡിടിവിയും യുഡിഎഫിനാണ് മേൽക്കൈ പ്രവചിച്ചിരിക്കുന്നത്.
ഇതിനൊപ്പമെത്തുന്ന സർവേകളുടെ പൊതുസ്വഭാവം യുഡിഎഫിന്റെ തിരിച്ചുവരവിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും എക്സിറ്റ് പോളുകൾ അന്തിമഫലമല്ലെന്നും യഥാർത്ഥ ജനവിധി വോട്ടെണ്ണൽ ദിനത്തിലാണ് വ്യക്തമാകുകയെന്നും രാഷ്ട്രീയ നിരീക്ഷകർ ഓർമ്മിപ്പിക്കുന്നു. കേരളത്തിന്റെ അടുത്ത അഞ്ച് വർഷത്തെ രാഷ്ട്രീയ ദിശ നിർണയിക്കുന്ന വിധിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.




