
ന്യൂയോർക്ക് : അമേരിക്കയിൽ നടന്ന മലയാളി സാംസ്കാരിക പരിപാടിയിൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷം നടൻ മോഹൻലാലും നടി ആശ ജയറാമും വീണ്ടും ഒന്നിച്ചപ്പോൾ വേദി വികാരനിർഭരമായി. 1986-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ സഹതാരങ്ങളായ ഇരുവരുടെയും പുനഃസംഗമം ആരാധകർക്കും സിനിമാസ്നേഹികൾക്കും മറക്കാനാവാത്ത നിമിഷമായി.

ചടങ്ങിനിടെ മോഹൻലാലിനെ വീണ്ടും കാണാനാകുന്നതിന്റെ സന്തോഷം ആശ ജയറാം തുറന്ന് പറഞ്ഞു. “നാൽപത് വർഷങ്ങൾക്കു ശേഷം ഞാൻ മോഹൻലാലിനെ കാണാൻ പോകുകയാണ്. ഇത് വിശ്വസിക്കാനോ ചിന്തിക്കാനോ പോലും കഴിയുന്നില്ല,” എന്നായിരുന്നു അവരുടെ പ്രതികരണം. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടി.
മോഹൻലാൽ വേദിയിലെത്തിയതോടെ സദസ്സ് ആവേശത്തിലായി. ആരാധകർ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങൾ പാടി സ്വീകരിച്ചു. സദസിലുള്ള മലയാളികളെ കണ്ടപ്പോൾ തനിക്ക് വലിയ ഗൃഹാതുരത്വം തോന്നുന്നതായി മോഹൻലാൽ പറഞ്ഞു. അമേരിക്കൻ മണ്ണിൽ നടന്ന ഈ സംഗമം പ്രവാസി മലയാളികൾക്കും പ്രത്യേക അനുഭവമായി.
മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച ആശ ജയറാം, അദ്ദേഹത്തെ ഒരു മഹത്തായ കലാകാരൻ മാത്രമല്ല, ഏറെ സ്നേഹമുള്ള വ്യക്തിയാണെന്നും കുറിച്ചു. വർഷങ്ങൾക്കിപ്പുറം പഴയ സഹപ്രവർത്തകരെ പോലും സ്നേഹത്തോടെ ഓർക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം തന്നെ ഏറെ ആകർഷിച്ചതായും അവർ വ്യക്തമാക്കി.
“ഒന്ന് മുതൽ പൂജ്യം വരെ ” മലയാള സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായി ഇന്നും ഓർമ്മിക്കപ്പെടുന്നു. അപരിചിതനായ ഒരാളുമായി ഫോൺ വഴിയുള്ള ബന്ധം കേന്ദ്രീകരിച്ച വികാരഭരിതമായ കഥയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിൽ ആശ ജയറാം അലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ, ക്ലൈമാക്സിൽ മാത്രം പ്രത്യക്ഷപ്പെട്ട ടെലിഫോൺ അങ്കിളായി മോഹൻലാൽ എത്തിയിരുന്നു.
ആശ ജയറാമിന്റെ അരങ്ങേറ്റചിത്രം കൂടിയായ ഇത് കഴിഞ്ഞ് അവർ തനിയാവർത്തനം, ഇസബെല്ല, ഒറ്റയാൾപ്പട്ടാളം, യാത്രയുടെ അന്ത്യം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്ന അവർ ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാണ്.
നിലവിൽ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന ആശ ജയറാം, ഭരതനാട്യവും മോഹിനിയാട്ടവും പരിശീലിപ്പിക്കുന്നതിലും സജീവമാണ്. അമേരിക്കയിലെ കലാസാംസ്കാരിക മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായ അവർ നൃത്തത്തെയും ഔദ്യോഗിക ജീവിതത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുകയാണ്.




