കേരളം മാറ്റത്തിന്റെ പാതയിൽ: ജനാധിപത്യത്തിന്റെ പുതിയ പുലരി —പ്രമുഖ പ്രവാസി നേതാവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്റർ ചെയർമാൻ പോൾ കറുകപ്പിള്ളിൽ.

കൊച്ചി: ഭരണത്തിന്റെ ആർഭാടങ്ങൾക്കും അഹങ്കാര രാഷ്ട്രീയത്തിനും വിരാമമിടുന്ന രീതിയിൽ കേരളത്തിൽ ജനാധിപത്യത്തിന്റെ പുതിയൊരു പുലരി ഉദയംകൊള്ളുകയാണെന്ന് പ്രമുഖ പ്രവാസി നേതാവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്റർ ചെയർമാൻ പോൾ കറുകപ്പിള്ളിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിക്കണമെന്ന ഉറച്ച തീരുമാനത്തോടെ കേരളത്തിലെ ജനങ്ങൾ ഒരുമിച്ചുനിന്നതിന്റെ ഫലമായാണ് ഈ രാഷ്ട്രീയ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനവും ക്ഷേമവും സമത്വവും സമന്വയിപ്പിക്കുന്ന പുതിയ ഭരണ മാതൃകയ്ക്കായി കാത്തിരുന്ന ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഈ മാറ്റം മറുപടിയായിരിക്കുകയാണ്. യുഡിഎഫ് വൻ മുന്നേറ്റത്തോടെ തിരഞ്ഞെടുപ്പ് രംഗത്ത് മുന്നേറുന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക വഴിത്തിരിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെച്ച രാഷ്ട്രീയ വിലയിരുത്തലുകളും പ്രവചനങ്ങളും യാഥാർത്ഥ്യമായി മാറിയ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ നേതൃപാടവത്തിന് ലഭിച്ച അംഗീകാരമായി ഈ വിജയം വിലയിരുത്തപ്പെടുന്നുവെന്നും ശ്രീ പോൾ കറുകപ്പിള്ളിൽ പറഞ്ഞു.
മാറ്റത്തിനും ഉത്തരവാദിത്തമുള്ള ഭരണത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ഉറച്ച നിലപാടാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്നും, യുവജനങ്ങൾ, തൊഴിലാളികൾ, സാധാരണക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളും ഒന്നിച്ച് കൈകോർത്തപ്പോൾ അത് ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തിയായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം വിജയമല്ല, ജനങ്ങളുടെ ഐക്യബലത്തിന്റെ പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി സംസ്ഥാനത്ത് സാമ്പത്തിക സ്ഥിരതയും ഭരണപരമായ സുതാര്യതയും ഉറപ്പാക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് യുഡിഎഫ് നേതൃത്വത്തിനുള്ളതെന്നും, രാഷ്ട്രീയ സംസ്കാരത്തിൽ പുതുമയും ശുദ്ധിയും കൊണ്ടുവരാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിച്ച് നവകേരള നിർമ്മാണത്തിന് തുടക്കം കുറിക്കേണ്ട സമയമാണിതെന്നും ശ്രീ പോൾ കറുകപ്പിള്ളിൽ വ്യക്തമാക്കി.




