ഈദുൽ അദ്ഹ – വിപുലമായ ആഘോഷപരിപാടികളൊരുക്കി ഷാർജ

ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കാൻ വിപുലമായ ആഘോഷപരിപാടികളൊരുക്കി ഷാർജ. ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴിലുള്ള വിനോദകേന്ദ്രങ്ങളിൽ പെരുന്നാൾ അവധിക്ക്, മെയ് 27 മുതൽ 31 വരെ, പ്രത്യേക പരിപാടികളും പ്രദർശനങ്ങളും അരങ്ങേറും. സാംസ്കാരിക പ്രദർശനങ്ങളും ദേശീയതയുടെയും ഒരുമയുടെയും സന്ദേശം പങ്കുവയ്ക്കുന്ന ക്യാംപയിനുകളും ഇത്തവണ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, മെലീഹ നാഷണൽ പാർക്ക്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിലായി കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
പുസ്തകങ്ങളും സാംസ്കാരികപ്രകടനങ്ങളും സജീവമാക്കുന്ന അൽ ഹീറ ബീച്ച്
ഷാർജ അൽ ഹീറ ബീച്ചിൽ, ‘ബുക്ക് എൻഡ്‌സു’മായി സഹകരിച്ച് നടത്തുന്ന “ബുക്സ് ബൈ അൽ ഹീറ ബീച്ച്” (Books by Al Heera Beach) എന്ന ചെറിയ പുസ്തകമേള ഈദ് അവധി ദിനങ്ങളിൽ നടക്കും. കടൽത്തീരത്തിന്റെ ശാന്തത ആസ്വദിച്ച് കൊണ്ട്, ചെറിയ വിലയിൽ (അഞ്ച് ദിർഹം മുതൽ) പുസ്തകം വാങ്ങാനും പരസ്പരം സൗജന്യമായി പുസ്തകങ്ങൾ കൈമാറാനും മേള അവസരമൊരുക്കും. കുട്ടികൾക്കായുള്ള കഥപറച്ചിൽ സെഷനുകളും എഴുത്തുകാരുമായി നേരിട്ടുള്ള സംവാദങ്ങളുമുണ്ടാവും. ഈദ് ദിനങ്ങളിൽ വൈകുന്നേരം 5 മുതൽ 10 മണി വരെയാണ് പരിപാടിയുടെ സമയക്രമം.
ഇതോടൊപ്പം ‘പ്രൗഡ് ഓഫ് യുഎഇ’ എന്ന പ്രത്യേക പരിപാടിയുമുണ്ടാവും. ദേശസ്നേഹത്തിന്റെയും സാംസ്കാരികവൈവിധ്യത്തിന്റെയും സന്ദേശങ്ങളിലൂടെ എല്ലാവരെയും ഒരുമിക്കുന്ന ഈ പരിപാടിയുടെ ഭാഗമായി പരമ്പരാഗത സംഗീത ബാൻഡിന്റെ പ്രകടനം, ഫെയിസ് പെയിന്റിങ്, വാൾ പെയിന്റിങ് എന്നിങ്ങനെയുള്ള കലാപരിപാടികളും അരങ്ങേറും. സന്ദർശകർക്കായി പ്രത്യേകം തയാറാക്കിയ ഇന്ററാക്ടീവ് 360-ഡിഗ്രി ഫോട്ടോ ബൂത്ത്, ദേശീയതയും പെരുന്നാളിന്റെ സന്തോഷവും പങ്കുവയ്ക്കുന്ന യുഎഇ നാഷണൽ പ്രൈഡ് ഗ്യാലറി എന്നിവയും അൽ ഹീറ ബീച്ചിലുണ്ടാവും.
അൽ ഖസ്ബയിലെ നാടകപ്രദർശനം
ഷാർജ അൽ ഖസ്ബയിൽ മസ്ര തീയറ്ററിലെ നാടകസീസൺ പെരുന്നാൾ അവധി ദിനങ്ങളിൽ ആരംഭിക്കും. ആധുനിക സജ്ജീകരണങ്ങളുള്ള, തത്സമയ നാടകപ്രദർശനങ്ങൾ ആസ്വദിക്കാനുള്ള അവസരമാണിത്. തമാശയും മാജികും കഥകളും പ്രേക്ഷകരുമായി നേരിട്ടുള്ള സംവേദനവുമെല്ലാമുള്ള ‘മാജിക് ഫിൽ – സ്റ്റയിങ് സില്ലി അറ്റ് സീ’ എന്ന നാടകം മെയ് 27 മുതൽ 30 വരെ അരങ്ങേറും. ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റിലൂടെ വാങ്ങാം. (https://sharjah.platinumlist.net/event-tickets/105868/magic-phil-staying-silly-at-sea)
മെലീഹ നാഷണൽ പാർക്കിൽ പ്രത്യേക പാക്കേജുകൾ
വാനനിരീക്ഷണവും മ്യൂസിയപ്രവേശനവും കുട്ടികൾക്കായുള്ള പ്രത്യേക ശില്പശാലകളുമെല്ലാം സൗജന്യമായി അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജുകളാണ് മെലീഹ നാഷണൽ പാർക്കിലുള്ളത്.
മെലീഹ മരുഭൂമിയുടെ സൗന്ദര്യവും അറേബ്യൻ ആതിഥേയത്വവും വാനനിരീക്ഷണവുമെല്ലാം ഒരുമിച്ച് ആസ്വദിക്കാനാവുന്നതാണ് ‘സമ്മർ ഫാമിലി ഫൺ’ എന്ന പാക്കേജ്. പ്രത്യേകം തയാറാക്കിയ സൺസെറ്റ് ലോഞ്ച് അനുഭവത്തോടൊപ്പം, 20 മിനുറ്റ് വാനനിരീക്ഷണവും മെലീഹ മ്യൂസിയത്തിലേക്കുള്ള പ്രവേശനവും സൗജന്യമാണ്. ആധുനിക ടെലിസ്കോപുകളുള്ള, പരിശീലനം ലഭിച്ച ഗൈഡുമാരുടെ നേതൃത്വത്തിൽ നടക്കുന്ന മെലീഹയിലെ വാനനിരീക്ഷണപരിപാടികൾ സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്. സമ്മർ ഫാമിലി ഫൺ പാക്കേജ് തെരഞ്ഞെടുക്കുമ്പോൾ, കുട്ടികൾക്ക് ഫോസിൽ ഫൺ ശില്പശാല സൗജന്യമായിരിക്കും
സാഹസികതയും പ്രകൃതിദൃശ്യങ്ങളുമെല്ലാം സമ്മേളിക്കുന്നതാണ് ‘റിഫ്രഷിങ് സൺസെറ്റ്’ എന്ന പാക്കേജ്. മെലീഹയിലെ മരുഭൂമികളിലൂടെയുള്ള 4X4 കാറിലെ യാത്രയും, ഫോസിൽ – ക്യാമൽ റോക്കുകളിലെ സന്ദർശനവും തുടർന്ന് മരുഭൂമിയിൽ നിന്നുള്ള മനോഹരമായ അസ്തമയക്കാഴ്ചയും സന്ദർശകർക്ക് ആസ്വദിക്കാനാവും. യാത്രയ്ക്കിടയിലുള്ള പാനീയങ്ങളോടൊപ്പം മെലീഹ മ്യൂസിയത്തിലേക്കുള്ള പ്രവേശനവുമുണ്ട്. അതോടൊപ്പം തന്നെ, രണ്ട് മുതിർന്നവരോടൊപ്പം ഒരു കുട്ടിക്ക് ഈ പാക്കേജ് സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും 068021111 എന്ന നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയിലിലോ ബന്ധപ്പെടാം.
കുട്ടിക്കളികൾക്കൊരുങ്ങി അൽഹീറ, ഖോർഫക്കാൻ ബീച്ചുകൾ
കുട്ടികളെ ഉദ്വേഗഭരിതരാക്കുന്ന വിധം കളിസ്ഥലങ്ങളൊരുക്കുന്നതാണ് ഷാർജയിലെ പ്രധാന രണ്ട് ബീച്ചുകളിലെ പെരുന്നാൾ ആഘോഷത്തിന്റെ മറ്റൊരു സവിശേഷത. സാഹസികതയും വിനോദവും സമ്മേളിക്കുന്ന ഇവിടുത്തെ കളിയിടങ്ങൾ ‘ലാൻഡ് ഓഫ് പൈററ്റ്സ്’ (കടൽക്കൊള്ളകാരുടെ നാട്) എന്ന പ്രത്യേക തീമിലായിരിക്കും ഈ ദിനങ്ങളിൽ പ്രവർത്തിക്കുക. ട്രഷർ മാപ്പ് ശില്പശാല, കരകൗശല സെഷനുകൾ, കുട്ടികളോട് നേരിട്ട് സംവദിക്കുന്ന ഗെയിമുകൾ, തത്സമയ പ്രദർശനങ്ങൾ എന്നിവയെല്ലാം മെയ് 27 തൊട്ട് 31 വരെ അരങ്ങേറും. അൽ ഹീറ ബീച്ചിലെ ക്ലസ്റ്റർ 2, ഖോർഫക്കാൻ ബീച്ചിലെ സദഫ് കിഡ്സ് ഏരിയ എന്നിവിടങ്ങളിലായിട്ടാവും കൂടുതൽ പരിപാടികളും. ഇതുകൂടാതെ മനോഹരമായ കടൽത്തീര കാഴ്ചകൾ ആസ്വദിച്ച്, വ്യത്യസ്തമാർന്ന രുചികൾ നുണയാൻ ധാരാളം കഫേകളും റസ്റ്ററന്റുകളും ഇവിടങ്ങളിലുണ്ട്.
ഇതിനു പുറമേ, തത്സമയ വിനോദ പരിപാടികളും കുട്ടികൾക്കായുള്ള വിനോദങ്ങളുമെല്ലാമായി അൽ മജാസ് വാട്ടർ ഫ്രണ്ടും പെരുന്നാൾ അവധി ദിനങ്ങളിൽ കൂടുതൽ സജീവമാവും. അൽ നൂർ ഐലൻഡ്, അൽ മുൻതസ പാർക്ക്, ഹാർട്ട് ഓഫ് ഷാർജ എന്നീ വിനോദകേന്ദ്രങ്ങളും പെരുന്നാൾ അവധി ദിനങ്ങളിൽ കുടുംബത്തോടൊപ്പം സന്ദർശിക്കാനും മനോഹരമായ ചിത്രങ്ങൾ പകർത്താനും ഏറെ അനുയോജ്യമാണ്.




