KeralaLatest News

മാജിക് അക്കാദമിക്ക് 30 വയസ്സ്; ആഘോഷ പരിപാടികള്‍ക്ക് നാളെ (വെള്ളി) തുടക്കം.

തിരുവനന്തപുരം: ഇന്ദ്രജാല രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ നിറസാന്നിദ്ധ്യമായ ഏഷ്യയിലെ ആദ്യത്തെ മാജിക് പഠന കേന്ദ്രം ദി അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസിന്റെ (മാജിക് അക്കാദമി) 30-ാമത് വാര്‍ഷികാഘോഷം നാളെ (വെള്ളി) രാവിലെ 11ന് പൂജപ്പുര മാജിക് അക്കാദമിയില്‍ നടക്കും. ഓര്‍മ്മകളും വിസ്മയങ്ങളും ഒത്തൊരുമിക്കുന്ന വിദ്യാര്‍ത്ഥിസംഗമമാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. ആദ്യ ബാച്ച് മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ വേദിയില്‍ വീണ്ടും കൂടിച്ചേരും. 30 വര്‍ഷങ്ങളുടെ ഇന്ദ്രജാലാനുഭവങ്ങളും പരിശീലന നിമിഷങ്ങളും വീണ്ടും ഓര്‍മ്മകളായി വേദിയില്‍ നിറയും.  

ചടങ്ങ് മാജിക് അക്കാദമി രക്ഷാധികാരിയും ചലച്ചിത്ര സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാന്‍ ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി സ്ഥാപകന്‍ സൂര്യാകൃഷ്ണമൂര്‍ത്തി മുഖ്യാതിഥിയാകും.  മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും മുന്‍ ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല നന്ദിയും പറയും. മാജിക് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.  ആഘോഷ പരിപാടികള്‍ 31ന് മാജിക് പ്ലാനറ്റില്‍ സമാപിക്കും.  

മലയാറ്റൂര്‍ രാമകൃഷ്ണന്‍ സ്ഥാപക രക്ഷാധികാരിയായി 1996 മെയ് 31നാണ് മാജിക് അക്കാദമി സ്ഥാപിക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാജിക് അക്കാദമി, ഇന്ദ്രജാലത്തെ ജനകീയ കലയായി സമൂഹത്തില്‍ അടയാളപ്പെടുത്തുന്നതിനായി നടത്തി പ്രവര്‍ത്തനങ്ങള്‍ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.  മലയാറ്റൂരിന്റെ മരണശേഷം ഒ.എന്‍.വി കുറുപ്പും തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണനും അക്കാദമിയുടെ രക്ഷാധികാരികളായി. മാജിക്കിനെ വെറും വിനോദമെന്നതിലുപരി സാമൂഹിക ബോധവത്കരണത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഭാഷയാക്കി മാറ്റിയ സ്ഥാപനത്തിന്റെ ഈ യാത്ര, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലും വേറിട്ട അധ്യായമായി തുടരുകയാണ്.  ഇന്ദ്രജാലത്തിന്റെ അകമ്പടിയോടെ വിവിധ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ 5 ഭാരതയാത്രകള്‍, നിരവധി അന്താരാഷ്ട്ര മാന്ത്രിക ഉച്ചകോടികള്‍, ഇന്ദ്രജാലവും സാഹിത്യവും ഇടകലര്‍ത്തി മെഗാ പരിപാടികള്‍, ലോകത്തിലെ ആദ്യത്തെ മാജിക് മ്യൂസിയമായ മാജിക് പ്ലാനറ്റ്, ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി എം പവര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍, ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രമായ കരിസ്മ സെന്റര്‍, വീടില്ലാത്ത കലാകാരന്മാര്‍ക്കും ഭിന്നശേഷിക്കുട്ടികള്‍ക്കും സൗജന്യമായി താമസിക്കുവാന്‍ ആര്‍ട്ടിസ്റ്റ് വില്ലേജില്‍ 16 വീടുകള്‍, എല്ലാ ജില്ലകളിലും ഭിന്നശേഷി സൗഹൃദ വീടുകള്‍ എന്നിവ  സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞു. കാസര്‍ഗോഡ് മടിക്കൈയില്‍ 30 ഏക്കറില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭിന്നശേഷി കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ലോകത്തിലാദ്യമായി മാജിക്കിന് യൂണിവേഴ്സിറ്റി അംഗീകാരം ലഭിക്കുന്നതും മാജിക് അക്കാദമിയുടെ കോഴ്സുകള്‍ക്കാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്നും ഇന്ദ്രജാലം അഭ്യസിച്ച് ഇന്നും സജീവമായി രംഗത്തുള്ളത്.

Show More

Related Articles

Back to top button