ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം.

ദുബായ്: എമിറേറ്റ്സ് റോഡിൽ ഉണ്ടായ ഭീകര വാഹനാപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ സ്വദേശിയുമാണെന്ന് സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ടവർ ജോലി ചെയ്തിരുന്ന ദുബായിലെ ടെക്നിക്കൽ സർവീസസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ പരുക്കേറ്റ ഒൻപത് പേരിൽ നാല് പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചികിത്സയിലുള്ളവരിൽ മൂന്ന് പേർ ഇന്ത്യക്കാരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്.
ഞായറാഴ്ച ഉച്ചയ്ക്കാണ് ദാരുണമായ അപകടം നടന്നത്. ദുബായിലെ നിർമാണ സ്ഥലത്തെ ജോലി കഴിഞ്ഞ് ഷാർജയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മിനിബസ് എമിറേറ്റ്സ് റോഡിൽ ദുബായ്-ഷാർജ അതിർത്തിക്ക് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 17 പേരാണ് മിനിബസിലുണ്ടായിരുന്നത്.
സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് റോഡിൽ നിർത്തേണ്ടി വന്നതായാണ് പ്രാഥമിക വിവരം. ശക്തമായ ഇടിയിൽ വാഹനത്തിന്റെ വലതുഭാഗം പൂർണമായും തകർന്നതോടെ വലതുവശത്തിരുന്ന യാത്രക്കാർക്കാണ് കൂടുതൽ ഗുരുതര പരുക്കേറ്റത്. അപകടത്തിന്റെ ആഘാതത്തിൽ ചിലരുടെ മൃതദേഹങ്ങൾ ഗുരുതരമായി വികൃതമായതിനാൽ തിരിച്ചറിയൽ നടപടികൾ ഇപ്പോഴും തുടരുകയാണ്.
മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സ്ഥിരീകരിച്ചിട്ടുണ്ട്. കോൺസുലേറ്റ് ഉദ്യോഗസ്ഥർ ആശുപത്രികളിലെത്തി പരുക്കേറ്റ ഇന്ത്യക്കാരെ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു. ഇരകളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
ദുബായ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം, ട്രക്കിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് അത് റോഡിൽ നിർത്തേണ്ടി വന്നെങ്കിലും, പിന്നാലെ വന്ന മിനിബസ് ആവശ്യമായ സുരക്ഷിത അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് പ്രധാന കാരണമായത്. വാഹനം കേടാകുകയോ ഇന്ധനം തീരുകയോ ടയർ പഞ്ചറാകുകയോ ചെയ്താലും റോഡിന്റെ മധ്യഭാഗത്ത് വാഹനം നിർത്തുന്നത് ഗുരുതര നിയമലംഘനമാണെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഫെഡറൽ ട്രാഫിക് നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളിൽ 1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.




