KeralaLatest News

മധ്യകേരളത്തിലെ പത്രചരിത്രം പറഞ്ഞ് ‘വൃത്താന്തവൃത്തം’ പുറത്തിറങ്ങി; പ്രകാശനം രമേശ് ചെന്നിത്തല നിർവ്വഹിച്ചു

തൃശ്ശൂർ: മുതിർന്ന പത്രപ്രവർത്തകൻ സി.എ. കൃഷ്ണൻ രചിച്ച ഏറ്റവും പുതിയ പുസ്തകമായ ‘വൃത്താന്തവൃത്തം’ പ്രകാശനം ചെയ്തു. തൃശ്ശൂർ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല, മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ എ. സേതുമാധവന് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ഗ്രീൻ ബുക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്.

മധ്യകേരളത്തിലെ മലയാള പത്രപ്രവർത്തനത്തിന്റെ ചരിത്രവഴികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കൃതി. ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ നിരവധി പത്രങ്ങളെയും, അവയ്ക്ക് പിന്നിൽ പ്രവർത്തിച്ച വിസ്മയക്കാരായ പത്രാധിപന്മാരെയും പുസ്തകത്തിലൂടെ വായനക്കാർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന തൃശ്ശൂർ പ്രസ്സ് ക്ലബ്ബിനുള്ള സമർപ്പണമായാണ് രചയിതാവ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്.

“പത്രപ്രവർത്തന രംഗത്ത് മാത്രമല്ല, സാഹിത്യത്തിലും തനതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് സി.എ. കൃഷ്ണൻ,” എന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അദ്ധ്യക്ഷനായി. രാജൻ പല്ലൻ എം.എൽ.എ, ഡെപ്യുട്ടി മേയർ എ. പ്രസാദ്, എൻ.ശ്രീകുമാർ, പ്രസ് ക്ലബ്ബ് സെക്രട്ടറി രഞ്ജിത് ബാലൻ , ടി.എസ്.നീലാംബരൻ എന്നിവർ സംസാരിച്ചു. സി.എ. കൃഷ്ണൻ മറുപടി പ്രസംഗം നടത്തി.

തങ്ങളുടെ സുവർണ്ണ ജൂബിലി വർഷത്തിൽ മാധ്യമ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഇത്തരമൊരു പുസ്തകം ഉപഹാരമായി നൽകിയതിന് പ്രസ് ക്ലബ് ഭാരവാഹികളും തൃശ്ശൂരിലെ മാധ്യമ സുഹൃത്തുക്കളും രചയിതാവിനോട് നന്ദി അറിയിച്ചു. ചടങ്ങിൽ നിരവധി പ്രമുഖ മാധ്യമപ്രവർത്തകരും സാംസ്കാരിക നായകരും പങ്കെടുത്തു.

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button