AmericaKeralaLatest NewsNews

ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

$ മെട്രോമാന്‍ ഡോ. ഇ. ശ്രീധരന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

$ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2026 അവാര്‍ഡ് മിഥുന്‍ ചിറ്റിലപ്പിള്ളിക്ക്

$ മുഖ്യമന്ത്രി വി ഡി സതീശന്‍ മുഖ്യാതിഥി

കൊച്ചി, ജൂണ്‍ 17: സംസ്ഥാനത്തെ ബിസിനസ് മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ ഡോ. ഇ. ശ്രീധരന് ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കും. ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2026 അവാര്‍ഡിന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി അര്‍ഹനായി.

ധനം ബിസിനസ് പ്രൊഫഷണല്‍ 2026 പുരസ്‌കാരത്തിന് ആപ്റ്റിവ് കണക്ഷന്‍സ് സിസ്റ്റംസ് കണ്‍ട്രി മാനേജിംഗ് ഡയറക്റ്റര്‍ രമേഷ് നായര്‍ അര്‍ഹനായി. മാര്‍ലാബ്‌സ് ചെയര്‍മാന്‍ സിബി വടക്കേക്കരയാണ് ഔട്ട്സ്റ്റാന്‍ഡിംഗ് എന്‍ ആര്‍ ആ എന്റര്‍പ്രണര്‍ 2026 പുരസ്‌കാര ജേതാവ്. ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2026 അവാര്‍ഡ് മന്ത്ര സ്ഥാപകയും ലീഡ് ഡിസൈനറുമായ ശാലിനി ജെയിംസിനാണ്. അജ്മി ഫുഡ്‌സ് ആണ് എസ് എം ഇ ഓഫ് ദി ഇയര്‍. മറൈന്‍ റോബോട്ടിക്‌സ് എന്റര്‍പ്രൈസ് രംഗത്ത് നൂതന ആശയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ഐറോവ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം.

ജൂണ്‍ 25ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പതിനെട്ടാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി ഗോവിന്ദ് ചെയര്‍മാനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാക്കളായ സി ജെ ജോര്‍ജ്, നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളായ വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.

മുഖ്യമന്ത്രി വി ഡി സതീശന്‍ ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ്‌നൈറ്റില്‍ മുഖ്യാതിഥിയായി സംബന്ധിച്ച് അവാര്‍ഡ്ദാനം നിര്‍വഹിക്കും. ‘പര്‍പ്പസ് ഡ്രിവണ്‍ ലീഡര്‍ഷിപ്പ് ഫോര്‍ എ ബെറ്റര്‍ വേള്‍ഡ്’ എന്നതാണ് സമിറ്റിന്റെ മുഖ്യതീം. പ്രമുഖ നിക്ഷേപകനും ജീവകാരുണ്യപ്രവര്‍ത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വവും പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രനുമായി വര്‍മ ആന്‍ഡ് വര്‍മ സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് നടത്തുന്ന ഫയര്‍സൈഡ് ചാറ്റാണ് സമിറ്റിലെ ഒരു പ്രധാന പരിപാടി. ദുബായ് ആസ്ഥാനമായുള്ള ബ്യൂമെര്‍ക് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനും സിഇഒയും കൂടിയാണ് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍.

ബിസിനസ് വളര്‍ച്ചയ്ക്കായി എഐ എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തില്‍ ഡീപ്‌കോര്‍എക്‌സ് സ്ഥാപകനും സിഇഒയുമായ ഡോ. അങ്കുര്‍ നാരംഗ് നയിക്കുന്ന എഐ മാസ്റ്റര്‍ ക്ലാസാണ് ബിസിനസ് സമിറ്റിലെ മറ്റൊരു ആകര്‍ഷണം.

സമൂഹത്തില്‍ മായാത്ത മുദ്രകള്‍ ചാര്‍ത്തുന്ന പ്രസ്ഥാനം എങ്ങനെ കെട്ടിപ്പടുക്കാമെന്ന വിഷയത്തെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി എംഡി ജോര്‍ജ് എം ജോര്‍ജ്, ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍ എന്നിവര്‍ സംബന്ധിക്കും. ടീംവണ്‍ അഡ്വര്‍ടൈസിംഗ് എംഡിയും കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റുമായ വിനോദിനി സുകുമാര്‍ ചര്‍ച്ച നയിക്കും.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് അവാര്‍ഡ് നിശയില്‍ പ്രഭാഷണം നടത്തും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ബിസിനസുകാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം സമിറ്റില്‍ സംബന്ധിക്കും.

Show More

Related Articles

Back to top button