വിശ്വാസത്തിന്റെ പേരിൽ സ്വവർഗ വിവാഹം നടത്താൻ വിസമ്മതിച്ച ടെക്സസ് ജഡ്ജിക്ക് 6.4 ലക്ഷം ഡോളർ നഷ്ടപരിഹാരം.

ടെക്സാസ് :ക്രിസ്ത്യൻ മതവിശ്വാസത്തിന് വിരുദ്ധമായതിനാൽ സ്വവർഗ വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ വിസമ്മതിച്ച ടെക്സസിലെ വനിതാ ജഡ്ജിക്ക് നിയമപോരാട്ടത്തിൽ വൻ വിജയം. ജഡ്ജി ഡയാൻ ഹെൻസ്ലിക്കാണ് ടെക്സസിലെ ജില്ലാ കോടതി 6,40,000 ഡോളർ (ഏകദേശം 5.3 കോടി രൂപ) നഷ്ടപരിഹാരവും കോടതിച്ചെലവും അനുവദിച്ചത്. മതവിശ്വാസത്തിന്റെ പേരിൽ സമലൈംഗിക വിവാഹങ്ങൾ നടത്തുന്നതിൽ നിന്ന് മാറിനിൽക്കുന്ന ജഡ്ജിമാർക്കെതിരെ അന്വേഷണം നടത്തുന്നതിനോ അച്ചടക്ക നടപടിയെടുക്കുന്നതിനോ ടെക്സസ് സ്റ്റേറ്റ് കമ്മീഷന് കോടതി സ്ഥിരമായ വിലക്കേർപ്പെടുത്തുകയും ചെയ്തു.
2023-ൽ തന്റെ മതവിശ്വാസം ചൂണ്ടിക്കാട്ടി സ്വവർഗ വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ച ജഡ്ജി ഡയാൻ ഹെൻസ്ലിക്ക്, പകരം അതേ തുകയ്ക്ക് വിവാഹം നടത്തിക്കൊടുക്കാൻ തയ്യാറുള്ള മറ്റ് ഓഫീസർമാരുടെ ലിസ്റ്റ് അപേക്ഷകർക്ക് നൽകിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് ആർക്കും പരാതി ഇല്ലായിരുന്നിട്ടും, ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സ്റ്റേറ്റ് കമ്മീഷൻ ഇവർക്ക് പരസ്യ താക്കീത് നൽകി. ഇതിനെതിരെയാണ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന സംസ്ഥാന നിയമപ്രകാരം (TRFRA) ഡയാൻ കോടതിയെ സമീപിച്ചത്.
ധാർമ്മികമോ മതപരമോ ആയ കാരണങ്ങളാൽ സ്വവർഗ വിവാഹം നടത്താൻ വിസമ്മതിക്കുന്ന ജഡ്ജിമാരെ ശിക്ഷിക്കാൻ കമ്മീഷന് നിയമപരമായി അധികാരമില്ലെന്ന് ടെക്സസ് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ജില്ലാ കോടതിയുടെ അനുകൂല വിധി വന്നിരിക്കുന്നത്. സമാനമായ രീതിയിൽ കമ്മീഷന്റെ നടപടി ഭയന്ന് വിവാഹങ്ങൾ നടത്തുന്നത് പൂർണ്ണമായി നിർത്തേണ്ടി വന്ന മറ്റ് ജഡ്ജിമാർക്കായി ലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മറ്റൊരു പൊതുതാൽപര്യ ഹർജിയും നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്.




