ചിക്കാഗോ: വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണവും പ്രത്യാശയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഫീഡ് മൈ സ്റ്റാർവിംഗ് ചിൽഡ്രൻ (Feed My Starving Children – FMSC) ചാരിറ്റി സംഘടനയുടെ സേവനപ്രവർത്തനത്തിൽ ചിക്കാഗോ മലയാളി അസോസിയേഷൻ സജീവ പങ്കാളിത്തം വഹിച്ചു. ജൂലൈ 24-ന് ഫ്രാങ്ക്ലിൻവില്ലിലെ വില്ലി ഫാം കോർട്ടിൽ സംഘടിപ്പിച്ച ഭക്ഷ്യപൊതി തയ്യാറാക്കൽ ശുശ്രൂഷയിൽ അസോസിയേഷൻ അംഗങ്ങൾ കുടുംബസമേതം പങ്കെടുത്ത് സേവനമനോഭാവത്തിന്റെ മാതൃകയായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന കുട്ടികൾക്കായി പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്ന മഹത്തായ ദൗത്യത്തിലാണ് സന്നദ്ധപ്രവർത്തകർ കൈകോർത്തത്. ഭക്ഷ്യപൊതികൾ തയ്യാറാക്കുന്നതിൽ ഒരുമയും ആത്മസമർപ്പണവും പ്രകടിപ്പിച്ച അംഗങ്ങൾ സേവനപ്രവർത്തനത്തിന്റെ മഹത്വം ഉയർത്തിക്കാട്ടി.
ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണ്ണാക്കാട്ട്, ചാരിറ്റി ചെയർപേഴ്സൺ ജെസി വിൻസിസ്, കോ-ഓർഡിനേറ്റർ ജോൺസൺ കള്ളിക്കാടൻ, വൈസ് പ്രസിഡന്റ്, ചീഫ് ട്രസ്റ്റി, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. എലിനോർ വള്ളക്കളം, സൂസി വെട്ടിക്കൽ, സൂസി തോമസ്, പോൾ വിൻസ്, ജോസി ചിറ്റൂർ, അമർ ജോർജ്, സാബ് കണോട്ട് എന്നിവരുള്‍പ്പെടെ നിരവധി അംഗങ്ങൾ പ്രവർത്തനത്തിൽ പങ്കാളികളായി.
സമൂഹത്തിലെ നിർധനർക്കും അവശത അനുഭവിക്കുന്ന കുട്ടികൾക്കും കൈത്താങ്ങാകുന്ന ഇത്തരം സേവനപ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോസ് മണ്ണാക്കാട്ടും ചാരിറ്റി ചെയർപേഴ്സൺ ജെസി വിൻസിസും അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ അംഗങ്ങളെയും യുവജനങ്ങളെയും പങ്കാളികളാക്കുന്നതിനുള്ള പദ്ധതികളും അസോസിയേഷൻ ആവിഷ്കരിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി.
സമൂഹസേവനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായി മാറിയ ഈ പ്രവർത്തനം ചിക്കാഗോ മലയാളി അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധതയും സേവനപാരമ്പര്യവും ഒരിക്കൽ കൂടി അടിവരയിടുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.














































