വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ തുടരുന്ന യുഎസ്-ഇറാൻ യുദ്ധത്തിൽ മരിക്കുകയോ പരുക്കേൽക്കുകയോ ചെയ്ത യുഎസ് സൈനികരുടെ എണ്ണം 770 കടന്നതായി പെന്റഗൺ അറിയിച്ചു. പെന്റഗൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം 18 സൈനികർ കൊല്ലപ്പെടുകയും 756 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
യുദ്ധം ആറാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് സൈനികരുടെ മരണവും പരുക്കും സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പരുക്കേറ്റ സൈനികരുടെ പട്ടികയിൽ പെന്റഗൺ നിരവധി പേരെ കൂടി ഉൾപ്പെടുത്തിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ നിലവിലിരിക്കെയാണ് പരുക്കേറ്റവരുടെ എണ്ണം വർധിച്ചതെന്നത് ശ്രദ്ധേയമാണ്. മെഡിക്കൽ രേഖകൾ പെന്റഗണിലെത്താൻ വൈകിയതിനാലാണ് പുതിയ കണക്കുകൾ ഇപ്പോൾ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം 18 യുഎസ് സൈനികർ കൊല്ലപ്പെട്ടതായി സി.എൻ.എൻ. ടെലിവിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ മരണങ്ങളിൽ എത്ര പേർ നേരിട്ട് ഇറാനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടവരാണെന്ന കാര്യത്തിൽ പെന്റഗൺ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.
അതേസമയം, പെന്റഗൺ പുറത്തുവിടുന്ന കണക്കുകളുടെ കൃത്യതയെക്കുറിച്ച് യുഎസ് കോൺഗ്രസിലും വിമർശനം ഉയർന്നിട്ടുണ്ട്. യുദ്ധവുമായി ബന്ധപ്പെട്ട സൈനിക നഷ്ടങ്ങളുടെ കൃത്യമായ കണക്ക് പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുകയാണ്.
യുദ്ധം തുടരുന്നതിനിടെ യുഎസ് സൈനികരുടെ മരണവും പരുക്കും സംബന്ധിച്ച കണക്കുകൾ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.











































