ചിക്കാഗോ: ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസപാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ 20-ാം വാർഷികാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച ഭക്തിനിർഭരമായ വിവിധ ചടങ്ങുകളോടെ നടത്തപ്പെടും.
2006-ൽ സ്ഥാപിതമായ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയം ക്നാനായ റീജിയനിലെ മറ്റു സമൂഹങ്ങൾക്കും ദൈവാലയങ്ങൾ സ്ഥാപിച്ച് വളർത്തുന്നതിനും പ്രചോദനമായിട്ടുണ്ട്. ക്നാനായ വിശ്വാസവും തനതായ പാരമ്പര്യങ്ങളും പുതുതലമുറകളിലേക്ക് കൈമാറുന്നതിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദൈവാലയം നിർണായകമായ പങ്കാണ് വഹിച്ചുവരുന്നത്.
ആഘോഷദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് വികാരി ഫാ. അബ്രഹാം കളരിയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് നടക്കുന്ന വാർഷികാഘോഷ സമ്മേളനം ക്നാനായ റീജിയൻ ഡയറക്ടർ റവ. ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിൽ ചടങ്ങിൽ സന്നിഹിതനായിരിക്കും.
ഇടവക ട്രസ്റ്റിമാരായ തോമസ് കുന്നുംപുറത്ത്, മത്തിയാസ് പുല്ലാപ്പള്ളിൽ, അബ്രഹാം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽ കരോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് വാർഷികാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നത്.
ക്നാനായ കത്തോലിക്കർക്കായി കോട്ടയം അപ്പസ്തോലിക് വികാരിയാത്ത് പ്രത്യേകമായി സ്ഥാപിക്കാൻ അനുമതി നൽകിയതിലൂടെ ക്നാനായ സമൂഹത്തിന്റെ വിശ്വാസവും തനതായ പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള സഭാസംവിധാനത്തിന് ശക്തമായ അടിത്തറ പാകിയ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാളും അന്നേദിവസം ഭക്തിപൂർവ്വം ആചരിക്കും.
ഇടവകയുടെ പ്രധാന ശുശ്രൂഷാമേഖലയായ വിശ്വാസപരിശീലന ക്ലാസുകളുടെ പുതിയ അധ്യയന വർഷത്തിന്റെ തുടക്കവും വാർഷികാഘോഷ ദിനത്തിൽ നടക്കും.
ഇടവക സമൂഹത്തിന്റെ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി ഓണാഘോഷവും അന്നേദിവസം സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള ക്നാനായ ജനതയുടെ ആദ്യത്തെ ദൈവാലയം എന്ന ചരിത്രപ്രാധാന്യവും സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിക്കുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ ക്നാനായ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനും ദൈവാലയം നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. ഇടവക സമൂഹം അതിവേഗം വളർന്ന് ശക്തമായ കൂട്ടായ്മയായി മാറിയതിന് പിന്നിൽ ഇടവകാംഗങ്ങളുടെ സഹകരണവും പിന്തുണയും കൂട്ടായ പ്രവർത്തനവും നിർണായകമായിരുന്നു.
വാർഷികാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കുമായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദൈവം ചൊരിഞ്ഞ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുന്ന ഈ മഹത്തായ ആഘോഷത്തിൽ എല്ലാ ഇടവകാംഗങ്ങളും കുടുംബസമേതം പങ്കുചേർന്ന് വിജയിപ്പിക്കണമെന്ന് വികാരി ഫാ. അബ്രഹാം കളരിയ്ക്കലും ട്രസ്റ്റിമാരും അഭ്യർത്ഥിച്ചു.
“വരൂ, ഒരുമിച്ച് ആഘോഷിക്കാം — വിശ്വാസത്തിന്റെ 20 വർഷങ്ങൾ, അനുഗ്രഹങ്ങളുടെ 20 വർഷങ്ങൾ.”












































