വെനസ്വേലൻ സർക്കാർ വിമാനം യുഎസ് പിടിച്ചെടുത്തു; ഉപരോധം ലംഘിച്ചെന്നാരോപണം

വാഷിംഗ്ടൺ: യുഎസ് ഉപരോധം ലംഘിച്ചതായി ആരോപിച്ച് വെനസ്വേലൻ സർക്കാരിന്റെ വിമാനം യുഎസ് പിടിച്ചെടുത്തു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ തലസ്ഥാനമായ സാന്റോ ഡൊമിൻഗോയിലെ വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്ത വിമാനത്തിൽ യുഎസ് അധികൃതർ നോട്ടീസ് പതിപ്പിച്ചു.
വെനസ്വേലൻ സർക്കാർ ഗ്രീസ്, തുർക്കി, റഷ്യ, നികരാഗ്വ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രയ്ക്കായി ഈ വിമാനം ഉപയോഗിച്ചിരുന്നു. അറ്റക്കുറ്റപ്പണികൾക്കായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയ വിമാനമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ സെപ്തംബറിലും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഒരു വിമാനം യുഎസ് അതേ രീതിയിൽ പിടിച്ചെടുത്തിരുന്നു.
ഇതിനിടെ, മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷികം യുഎസ് 2.5 കോടി ഡോളറായി ഉയർത്തിയതായി റിപ്പോർട്ട്. മുമ്പ് ഇത് 1.5 കോടി ഡോളറായിരുന്നു. മയക്കുമരുന്ന് കടത്തൽ, അഴിമതി തുടങ്ങിയ കുറ്റാരോപണങ്ങൾ മഡുറോക്കെതിരെ നിലനിൽക്കുന്നു.